തദ്ദേശ തെരഞ്ഞെടുപ്പ്: വെൽഫെയർ പാർട്ടിയുടെ പിന്തുണ സ്വീകരിക്കും, യുഡിഎഫ് ഉജ്ജ്വല വിജയം നേടുമെന്ന് വി ഡി സതീശൻ

news image
Nov 10, 2025, 9:45 am GMT+0000 payyolionline.in

എറണാകുളം: കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ഉജ്ജ്വല വിജയം നേടുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വെൽഫെയർ പാർട്ടി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അത് സ്വീകരിക്കുമെന്നും വിഡി സതീശൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങൾ പിടിച്ചെടുക്കുകയല്ല, പകരം സർക്കാരിനെ വിചാരണ ചെയ്യുകയാണ് ലക്ഷ്യം. ഇപ്പോൾ കേരളം ഭരിക്കുന്നത് ജനവിരുദ്ധസർക്കാർ ആണെന്നുള്ളത് ജനങ്ങളെ ബോധിപ്പിക്കും. കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ വിലക്കയറ്റമുള്ള സംസ്ഥാനമാണ് കേരളം. കൂടാതെ, ശബരിമല സ്വർണക്കൊള്ളയിൽ സിപിഎം നിയമിച്ച മൂന്ന് പ്രസിഡന്റുമാർക്ക് പങ്കുണ്ട്. സംസ്ഥാനത്തെ കാർഷിക മേഖല വലിയ പ്രതിസന്ധിയിലാണ്. തീരദേശത്തോടും മലയോര മേഖലയോടും വലിയ രീതിയിലുള്ള അവ​ഗണനയാണ് കാണിക്കുന്നത്. മലയോര മേഖല വന്യ ജീവികൾക്ക് ഇട്ട് കൊടുത്തിരിക്കുകയാണ് എന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് ആരോ​ഗ്യ രം​ഗവും തകരാറിലാണെന്ന് പറഞ്ഞു.

 

തദ്ദേശ തെരഞ്ഞെടുപ്പിനായുള്ള മുന്നൊരുക്കങ്ങളിൽ മറ്റെല്ലാ മുന്നണികളെക്കാളും മുന്നിലാണ് യുഡിഎഫ്. കോട്ടയം ജില്ലയിൽ സാഹചര്യം മാറും. കോഴിക്കോട് ജില്ലയിൽ സീറ്റ് വിഭജനം പൂർത്തിയാകും. അപൂർവ്വം സീറ്റുകളിൽ മാത്രമാണ് തർക്കമുള്ളത്. പ്രവർത്തകരെല്ലാം തെരഞ്ഞെടുപ്പിനായുള്ള ആവേശത്തിലാണ്. എറണാകുളം ജില്ലയിലെ പഞ്ചായത്തുകളിൽ നേരത്തെ സ്ഥാനാർഥി നിർണയം പൂർത്തിയാക്കിയെന്നും വിഡി സതീശൻ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe