തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനവുമായി ബന്ധപ്പെട്ട കേരള പഞ്ചായത്ത് രാജ്, മുന്‍സിപ്പാലിറ്റി ഭേദഗതി ബില്ലുകള്‍ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടാതെ പാസാക്കിയ നടപടിക്കെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കി. സബ്ജക്ട് കമ്മിറ്റിയിലും സബ്ജക്ട് കമ്മിറ്റി റിപ്പോര്‍ട്ട് ചെയ്തതു പ്രകാരം ബില്‍ വീണ്ടും സഭയുടെ പരിഗണനയക്ക് എത്തുമ്പോഴും പ്രതിപക്ഷത്തിന് ഭേദഗതികള്‍ അവതരിപ്പിക്കുന്നതിനുള്ള അവസരമുണ്ടായിരുന്നു.
അത് ബോധപൂര്‍വം ഇല്ലാതാക്കുന്ന നടപടിയാണ് ഇന്നുണ്ടായത്. അടിയന്തിര പ്രമേയവുമായി ബന്ധപ്പെട്ട് സഭാതലത്തില്‍ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ അജണ്ടയില്‍ പറഞ്ഞിരുന്നതിന് വിരുദ്ധമായി ബില്ലുകള്‍ പരിഗണനയ്‌ക്കെടുക്കാനുള്ള പ്രമേയം അവതരിപ്പിക്കാന്‍ സ്പീക്കര്‍ മന്ത്രിക്ക് അനുമതി നല്‍കുകയും ബില്ലുകള്‍ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടാതെ സഭ പാസാക്കുകയുമായിരുന്നു. പ്രതിപക്ഷത്തിന്റെ അവകാശങ്ങള്‍ ഹനിക്കുന്ന ഇത്തരം സമീപനം അംഗീകരിക്കാനാകില്ലെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ ചൂണ്ടിക്കാട്ടി.