തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികൾ ചെലവ് കണക്കുകൾ ജനുവരി 12ന് മുമ്പ് ഓൺലൈനായി സമർപ്പിക്കണം

news image
Dec 16, 2025, 3:54 pm GMT+0000 payyolionline.in

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികൾ ചെലവ് കണക്കുകൾ ജനുവരി 12ന് മുമ്പ് ഓൺലൈനായി സമർപ്പിക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണർ എ ഷാജഹാൻ നിർദേശിച്ചു. മത്സരിച്ച എല്ലാ സ്ഥാനാർത്ഥികളും ഫലപ്രഖ്യാപന തീയതി മുതൽ 30 ദിവസത്തിനകമാണ് അതത് തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് ഓൺലൈനായി ചെലവ് കണക്ക് നൽകേണ്ടത്. സ്ഥാനാർത്ഥികൾ കമ്മിഷൻ വെബ് സൈറ്റിൽ (www. sec.kerala.gov.in) ഇലക്ഷൻ എക്സ്പെൻഡിച്ചർ മോഡ്യൂളിൽ ലോഗിൻ ചെയ്തു വേണം ഓൺലൈനായി സമർപ്പിക്കേണ്ടത്. ഓൺലൈനായി സമർപ്പിക്കാൻ കഴിയാത്തവർക്ക് ബില്ല്, രസീത്, വൗച്ചർ എന്നിവ ഉൾപ്പെടെയുള്ള ചെലവ് കണക്ക് വിവരം നേരിട്ടും സമർപ്പിക്കാം.

സ്ഥാനാർത്ഥിയായി നാമനിർദേശം ചെയ്യപ്പെട്ട ദിവസം മുതൽ ഫലപ്രഖ്യാപന ദിവസം വരെയുള്ള ചെലവ് കണക്കാണ് നൽകേണ്ടത്. സ്ഥാനാർത്ഥിയോ തെരഞ്ഞെടുപ്പ് ഏജൻ്റോ ചെലവാക്കിയ തുക കണക്കിൽപ്പെടുത്തണം. കണക്കിനൊപ്പം രസീത്, വൗച്ചർ, ബില്ല് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സമർപ്പിക്കണം. ഇവയുടെ ഒറിജിനൽ സ്ഥാനാർത്ഥി സൂക്ഷിക്കുകയും ആവശ്യപ്പെടുന്നപക്ഷം പരിശോധനയ്ക്കായി ഹാജരാക്കുകയും വേണം.

തെരഞ്ഞെടുപ്പ് ചെലവ് കണക്ക് സമർപ്പിക്കുന്നതിൽ വീഴ്ച വരുത്തുന്നവരെ കമ്മിഷൻ അഞ്ച് വർഷത്തേക്ക് തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനോ അംഗമായി തുടരുന്നതിനോ അയോഗ്യനാക്കും. ഉത്തരവ് തീയതി മുതൽ അഞ്ച് വർഷത്തേക്കാണ് അയോഗ്യത. നിശ്ചിത പരിധിയിൽ കൂടുതൽ തുക ചെലവാക്കിയാലും തെറ്റായ വിവരം നൽകിയെന്ന് ബോധ്യപ്പെട്ടാലും കമ്മിഷൻ അവരെ അയോഗ്യരാക്കും. തദ്ദേശ തെരഞ്ഞെടുപ്പ് ചെലവിനത്തിൽ ഒരു സ്ഥാനാർത്ഥി/ തെരഞ്ഞെടുപ്പ് ഏജന്റ്റിന് ഗ്രാമപഞ്ചായത്തിൽ 25,000 രൂപയും ബ്ലോക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റി എന്നിവയിൽ 75,000 രൂപ വീതവും കോർപറേഷൻ, ജില്ലാ പഞ്ചായത്തുകളിൽ 1,50,000 രൂപയുമാണ് പരമാവധി വിനിയോഗിക്കാവുന്ന തുക.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe