‘തന്‍റെ പേര് പറഞ്ഞാൽ വംശം ഇല്ലാതാക്കും’ മോന്‍സന്‍ കേസില്‍ കെ.സുധാകരൻ ഭീഷണിപ്പെടുത്തിയെന്ന് അനൂപ് അഹമ്മദ്

news image
Jun 22, 2023, 10:25 am GMT+0000 payyolionline.in

എറണാകുളം: പുരാവസ്തു തട്ടിപ്പ് കേസില്‍ പരാതിക്കാരൻ അനൂപ് അഹമ്മദിൽ നിന്ന് ക്രൈംബ്രാഞ്ച് മൊഴി എടുത്തു. കളമശരി ക്രൈംബ്രാഞ്ച് ഓഫീസിലായിരുന്നു മൊഴിയെടുപ്പ്. കെ.സുധാകരൻ ഭീഷണിപ്പെടുത്തിയെന്ന് അനൂപ് അഹമ്മദ് ആരോപിച്ചു. സുധാകരന്‍റെ  ഭീഷണി ഓഡിയോ എബിൻ ഫോണിൽ കേൾപ്പിച്ചു.

തന്‍റെ  പേര് പറഞ്ഞാൽ വംശം ഇല്ലാതാക്കുമെന്നായിരുന്നു ഭീഷണിപ്പെടുത്തല്‍. മോൺസന് പണം കൊടുക്കുമ്പോൾ കെ.സുധാകരൻ ഒപ്പമുണ്ടായിരുന്നു. വിദേശപണം വരുന്നതിലേ പ്രശ്നം തീർന്നാൽ എല്ലാം ശരിയാകുമെന്ന് കെ സുധാകരൻ പറഞ്ഞു. പണം വന്നാൽ നൂറ് കോടി ഇറക്കി കെ.സുധാകരനെ മുഖ്യമന്ത്രിയാക്കാമെന്ന് മോൺസൻ പറഞ്ഞുവെന്നും അനൂപ് അഹമ്മദ് ആരോപിച്ചു.

ക്രൈം ബ്രാഞ്ച് നോട്ടീസ് പ്രകാരം നാളെ  അന്വേഷണസംഘത്തിന് മുൻപാകെ കെ സുധാകരൻ ഹാജരാകണം. അറസ്റ്റുണ്ടായാലും അന്‍പതിനായിരം രൂപ ആൾജാമ്യത്തിൽ ജാമ്യം അനുവദിക്കാനും ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടിട്ടുണ്ട്. 2021 ൽ രജിസ്റ്റർ ചെയ്ത കേസിൽ രണ്ട് വർഷത്തിനിപ്പുറം തന്നെ പ്രതിയാക്കുന്നത് രാഷ്ട്രീയപ്രേരിതമെന്നാണ് കെ സുധാകരന്‍റെ  നിലപാട്.
മുൻ ഡിജിപി ഉൾപ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥർ മോൻസൺ മാവുങ്കലിനൊപ്പമുള്ള ചിത്രങ്ങളും  അദ്ദേഹം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. പരാതിക്കാരിൽ നിന്ന് മോൺസൺ വാങ്ങിയ 25 ലക്ഷത്തിൽ നിന്നും പത്ത് ലക്ഷം രൂപ മോൺസൺ സുധാകരന് വീട്ടിൽ വെച്ച് കൈമാറിയെന്ന മോൺസന്‍റെ ജീവനക്കാരുടെ മൊഴിയിലാണ് ക്രൈം ബ്രാഞ്ച് സുധാകരനെ പ്രതിചേർത്തത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe