കോയമ്പത്തൂർ: സർക്കാർ വിരുദ്ധ നിരീക്ഷണങ്ങളുടെ പേരിൽ ഏറെ പ്രശസ്തനായ യുട്യൂബർ തമിഴ്നാട്ടിൽ അറസ്റ്റിൽ. സർക്കാർ ജീവനക്കാരനായ എ ശങ്കർ എന്ന യുട്യൂബറാണ് അറസ്റ്റിലായത്. കോയമ്പത്തൂർ സൈബർ ക്രൈം പൊലീസാണ് ശങ്കറിനെ അറസ്റ്റ് ചെയ്തത്. അടുത്തിടെ വന്ന വ്ലോഗിലെ വനിതാ പൊലീസുകാർക്കെതിരായ അധിക്ഷേപ പരാമർശങ്ങളുടെ പേരിലാണ് അറസ്റ്റ്. സാവുക്ക് ശങ്കർ എന്ന പേരിലാണ് എ ശങ്കർ പ്രശസ്തി നേടിയിരുന്നതത്. കോയമ്പത്തൂർ പൊലീസിലെ ക്രൈ ബ്രാഞ്ച് വിഭാഗത്തിലെ ഉദ്യോഗസ്ഥയുടെ പരാതിയിലാണ് അറസ്റ്റ്.
തമിഴ്നാട് പൊലീസിനും സർക്കാരിനും എതിരായി രൂക്ഷ വിമർശനം ഉയർത്തുന്നതിനിടയിലാണ് ശങ്കറിന്റെ അറസ്റ്റെന്നതാണ് ശ്രദ്ധേയം. ഐപിസ് 294(ബി), 509, 353, ഐടി ആക്ട് എന്നിവ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. തേനിയിൽ നിന്നാണ് ശങ്കറിനെ അറസ്റ്റ് ചെയ്തത്. ശങ്കറുമായി വന്ന പൊലീസ് വാഹനം തിരുപ്പൂരിന് സമീപത്ത് വച്ച് അപകടത്തിൽപ്പെട്ടിരുന്നു. ശങ്കറിനും വാഹനത്തിലുണ്ടായിരുന്ന പൊലീസിനും അപകടത്തിൽ പരിക്കേറ്റിരുന്നു.
വനിതാ പൊലീസ് ഉദ്യോഗസ്ഥർ സ്ഥലം മാറ്റത്തിനും പ്രമോഷനും പോസ്റ്റിംഗുകൾക്കും വേണ്ടി മുതിർന്ന ഉദ്യോഗസ്ഥരുമായി പല വിധത്തിലുമുള്ള വിട്ടുവീഴ്ചകൾ ചെയ്യുന്നുവെന്നാണ് ഏറെ വിവാദമായ യുട്യൂബ് അഭിമുഖത്തിൽ ശങ്കർ അഭിപ്രായപ്പെട്ടത്. പൊലീസ് സേനയ്ക്ക് എതിരെ അധിക്ഷേപ പരാമർശങ്ങൾ നിറഞ്ഞതായിരുന്നു അഭിമുഖം. ഒരു ദശാബ്ദത്തോളം കാലമായി തമിഴ് സാമൂഹ്യമാധ്യമങ്ങളിലെ പ്രമുഖരിലൊരാളാണ് ശങ്കർ. രാഷ്ട്രീയക്കാർക്കും സംസ്ഥാന സർക്കാരിനെതിരെയുമുള്ള നിശിത വിമർശനത്തിന്റെ പേരിൽ കഴിഞ്ഞ രണ്ട് വർഷമായി ഏറെ ചർച്ച ചെയ്യപ്പെടുന്ന വ്യക്തിയാണ് ശങ്കർ. നേരത്തെ സംസ്ഥാന അഴിമതി വിരുദ്ധ വിജിലൻസ് വകുപ്പിലെ ജീവനക്കാരനായിരുന്ന ശങ്കർ നിലവിൽ സസ്പെൻഷൻ നേരിടുകയാണ്യ 2008ൽ സംസ്ഥാനത്തെ നിയമ നിർമ്മാണ സംവിധാനങ്ങളിലെ പാളിച്ചകൾ വ്യക്തമാക്കുന്ന ഓഡിയോ റിക്കോർഡിംഗ് പുറത്ത് വിട്ടതിന് പിന്നാലെയാണ് ശങ്കർ പ്രശസ്തിയിലേക്ക് ഉയർന്നത്.