തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് കടത്തുകയായിരുന്ന പത്ത് കോടിയിലേറെ രൂപയുടെ കള്ളപ്പണം പിടികൂടി

news image
Sep 30, 2022, 2:42 pm GMT+0000 payyolionline.in

ചെന്നൈ : തമിഴ്നാട്ടിൽ വൻ കള്ളപ്പണ വേട്ട. തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് കടത്തുകയായിരുന്ന പത്ത് കോടിയിലേറെ രൂപയുടെ കള്ളപ്പണം വെല്ലൂരിൽ വച്ച് തമിഴ്നാട് പൊലീസ് പിടികൂടി. തമിഴ്നാട് രജിസ്ട്രേഷനിലുള്ള കാറിൽ നിന്നും കേരള രജിസ്ട്രേഷൻ ചരക്കുലോറിയിലേക്ക് പണം മാറ്റുന്നതിനിടെയാണ് പിടികൂടിയത്.

ചെന്നൈ സേലം ദേശീയപാതയിൽ വെല്ലൂർ ജില്ലയിലെ ഗോവിന്ദപാടി ടോൾ ബൂത്തിന് സമീപമാണ് കള്ളപ്പണം പിടികൂടിയത്. തളിപ്പറമ്പ് രജിസ്ട്രേഷനിലുള്ള ചരക്കുലോറിയിൽ കേരളത്തിലേക്ക് പണം കടത്താനായിരുന്നു പദ്ധതി. പോപ്പുലർ ഫ്രണ്ട് നിരോധനത്തെ തുടർന്ന് ദേശീയപാതയിൽ രാത്രികാല പരിശോധന കർശനമാക്കിയിരുന്നു. കാറിൽ നിന്ന് ലോറിയിലേക്ക് പാക്കറ്റുകൾ കടത്തുന്നത് ശ്രദ്ധയിൽപ്പെട്ട പൊലീസ് തുടർന്ന് നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്.

48 കടലാസ് പാക്കറ്റുകളിലാക്കിയായിരുന്നു പണം എത്തിച്ചത്. പാക്കറ്റുകളുടെ ഉള്ളടക്കം എന്താണെന്ന് കാറിലും ലോറിയിലും ഉണ്ടായിരുന്നവർ പറഞ്ഞില്ല. പിടിച്ചെടുത്ത് തുറന്ന് പരിശോധിച്ചപ്പോഴാണ് നോട്ടുകെട്ടുകൾ കണ്ടെത്തിയത്. പണം സംബന്ധിച്ച യാതൊരു രേഖകളും കൈവശക്കാരുടെ പക്കൽ ഉണ്ടായിരുന്നില്ല. രണ്ട് മലയാളികളടക്കം നാല് പേരെ പള്ളിക്കൊണ്ട പൊലീസ് അറസ്റ്റ് ചെയ്തു. തളിപ്പറമ്പ് സ്വദേശികളായ ലോറി ഡ്രൈവർമാരായ ഷറഫുദ്ദീൻ, നാസർ, കാറിൽ ഉണ്ടായിരുന്ന ചെന്നൈ സ്വദേശി നിസാർ അഹമ്മദ്, കാർ ഡ്രൈവർ വസീം അക്രം എന്നിവരാണ് പിടിയിലായത്.

നിസാര്‍ അഹമ്മദിന്റെ അച്ഛന്‍റെ ദുബായിലുള്ള സുഹൃത്തായ റിയാസ് എന്നയാളുടെ നിര്‍ദേശപ്രകാരമാണ് പണം കൊണ്ടുവന്നതെന്ന് ഇവർ പിന്നീട് പൊലീസിനോട് പറഞ്ഞു. ലോറി കേരളത്തിലേക്ക് പോകും വഴി കോയമ്പത്തൂരിൽ കാത്തുനിൽക്കുന്ന ആളുകൾ പണത്തിന്‍റെ ഒരു ഭാഗവും ശേഷം കോഴിക്കോട്ടുനിന്നും കൈപ്പറ്റാനായിരുന്നു ധാരണ. കുഴൽപ്പണ സംഘമാണ് ഇവരെന്നാണ് പൊലീസിന്‍റെ പ്രാധമിക നിഗമനം. മറ്റേതെങ്കിലും സംഘങ്ങൾക്ക് പണവുമായി ബന്ധമുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe