തലശ്ശേരിയിൽ പിഞ്ചുബാലനെ തൊഴിച്ചു തെറിപ്പിച്ച സംഭവത്തിൽ വധശ്രമത്തിന് കേസ്, പ്രതി അറസ്റ്റിൽ

news image
Nov 4, 2022, 4:51 am GMT+0000 payyolionline.in

കണ്ണൂർ: തലശേരിയിൽ കാറിൽ ചാരി നിന്നതിന് പിഞ്ചുബാലനെ തൊഴിച്ചു തെറിപ്പിച്ച സംഭവത്തിൽ ഒടുവിൽ അലംഭാവം വെടിഞ്ഞ് പൊലീസ്. കുട്ടിയെ ആക്രമിച്ച പൊന്ന്യംപാലം സ്വദേശി  മുഹമ്മദ് ശിഹ്ഷാദിനെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു. മണിക്കൂറുകളോളം അനങ്ങാതിരുന്ന പൊലീസ് ഇന്ന് രാവിലെയാണ് മുഹമ്മദ് ശിഹ്ഷാദിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. തലശ്ശേരി എഎസ്‍പി നിഥിൻ രാജിൻ്റെ നേതൃത്യത്തിൽ ചോദ്യം ചെയ്ത ശേഷമാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ വാർത്ത  പുറത്തു വിട്ടതിന് പിന്നാലെയാണ് പൊലീസ്  അലംഭാവം വെടിഞ്ഞ് നടപടി എടുത്തത്. സംഭവത്തിൽ കേസെടുക്കുമെന്ന്  ബാലാവകാശ കമ്മീഷനും വ്യക്തമാക്കി. കാർ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

ഇന്നലെ രാത്രി നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ വന്ന് മണിക്കൂറുകൾ കഴിഞ്ഞിട്ടും കേസെടുക്കാനോ ആരോപണവിധേയനായ ആളെ ചോദ്യം ചെയ്യാനോ പൊലീസ് ആദ്യം തയ്യാറായിരുന്നില്ല. പ്രതിക്ക് രാഷ്ട്രീയ സ്വാധീനമുള്ളതിനാലാണ് ആദ്യം കസ്റ്റഡിയിലെടുക്കാത്തതെന്നും ആരോപണം ഉയർന്നിരുന്നു.  കേരളത്തിൽ ജോലിക്കെത്തിയ രാജസ്ഥാനി കുടുംബത്തിലെ അംഗമാണ് ആക്രമിക്കപ്പെട്ടത്. കുട്ടിയെ ആക്രമിക്കുന്നത് കണ്ട നാട്ടുകാര്‍ ഇയാളെ ചോദ്യം ചെയ്തു. കാറിനുള്ളിലുണ്ടായിരുന്ന കുടുംബാംഗങ്ങളെ കുട്ടി ഉപദ്രവിക്കാന്‍ ശ്രമിച്ചെന്ന വിചിത്ര ന്യായമാണ് ഇയാള്‍ ഉന്നയിച്ചത്.  പിന്നാലെ നാട്ടുകാര്‍ ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. എന്നാല്‍, പൊലീസ് ഇയാള്‍ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. മുഹമ്മദ് ശിഹ്ഷാദിനെ വിട്ടയച്ച പൊലീസ്, രാവിലെ എട്ടിന് ഹാജരായാല്‍ മതിയെന്ന് നിര്‍ദേശിക്കുകയായിരുന്നു. സമീപത്തെ പാരലല്‍ കോളേജിന്‍റെ സിസിടിവിയില്‍ നിന്നാണ് ദൃശ്യങ്ങള്‍ ലഭിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe