തലശ്ശേരി: ചിറക്കര കെ.ടി.പി മുക്കിൽ വീട്ടമ്മയെ ബന്ദിയാക്കി സ്വർണവും പണവും കവർന്നു. കെ.ടി.പി മുക്കിലെ ഫിഫാസിൽ ഇന്ന് പുലർച്ചെ മൂന്നോടെയാണ് സംഭവം. വാതിൽ തകർത്ത് അകത്ത് കയറിയ രണ്ടംഗ സംഘം ആറര പവനും 10,000 രൂപയുമാണ് കൊള്ളയടിച്ചത്.
ഇന്നലെ രാത്രി വൈകി 1.30നാണ് വീട്ടമ്മ അഫ്സത്തും മകളും കൊച്ചു മകളും ഉറങ്ങാൻ കിടന്നത്. പുലർച്ചെ മൂന്നരയോടെ കതകിൽ തട്ടുന്ന ശബ്ദം കേട്ട് അഫ്സത്ത് എഴുന്നേറ്റു. മുകളിൽ കിടക്കുന്ന മകൾ വിളിക്കുന്നതാവുമെന്ന് കരുതി കിടപ്പുമുറിയുടെ വാതിൽ തുറന്നു. തത്സമയം അകത്തേക്ക് ഇരച്ചുകയറിയ മോഷ്ടാക്കൾ വയോധികയായ വീട്ടമ്മയെ ബലമായി പിന്നോട്ട് തള്ളിക്കൊണ്ടുപോയി മുറിയിലെ കസേരയിൽ ഇരുത്തിയാണ് കവർച്ച നടത്തിയത്.
ഇവർ ധരിച്ച ആഭരണങ്ങൾ ബലമായി അഴിച്ചെടുക്കുകയായിരുന്നു. തൊട്ടടുത്ത മുറിയിലെ മേശയിൽ സൂക്ഷിച്ച 10,000 രൂപയും രണ്ടര പവൻ ആഭരണങ്ങളും എ.ടി.എം കാർഡും കൈക്കലാക്കി. കവർച്ചക്കിടയിൽ അഫ്സത്ത് ബഹളം വച്ചതോടെ മുകൾ നിലയിൽ നിന്നും മകൾ വാതിൽ തുറന്നു. ഈ ശബ്ദം കേട്ടതോടെയാണ് മോഷ്ടാക്കൾ വീട്ടിൽനിന്നും രക്ഷപ്പെട്ടത്.
സമീപമുള്ള മറ്റ് രണ്ട് വീടുകളിലും മോഷ്ടാക്കൾ കയറിയിരുന്നു. ഇവിടെ നിന്നും കൈക്കലാക്കിയ കൊടുവാൾ ഉപയോഗിച്ചാണ് വീടിന്റെ ഗ്രില്ലും വാതിലും തകർത്തത്. തലശ്ശേരി പൊലീസ് സ്ഥലത്തെത്തി.