കണ്ണൂർ: ശ്വാസതടസ്സവുമായി ആശുപത്രിയിൽ എത്തിയ എട്ടുമാസം പ്രായമുള്ള കുഞ്ഞിന്റെ തൊണ്ടയിൽനിന്നും കൊമ്പൻചെല്ലിവണ്ടിനെ പുറത്തെടുത്തു. വെള്ളിയാഴ്ച രാത്രിയാണു ശ്വാസതടസ്സത്തെ തുടർന്നു കുഞ്ഞിനെ തലശ്ശേരി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിൽ എത്തിച്ചത്.
അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച കുഞ്ഞിനു പ്രാഥമിക ചികിത്സ നൽകിയിട്ടും മാറ്റം വരാത്തതിനാൽ എൻഡോസ്കോപ്പി ചെയ്യുകയായിരുന്നു. തുടർന്നാണു കൊമ്പൻചെല്ലിവണ്ട് തൊണ്ടയിൽ കുടുങ്ങിയത് മനസ്സിലായത്. തുടർന്നു വണ്ടിനെ പുറത്തെടുത്തു. ആശുപത്രിയിൽ തുടരുന്ന കുട്ടി സുഖംപ്രാപിച്ചുവരികയാണ്. ചികിത്സ വൈകിയിരുന്നെങ്കിൽ കുട്ടിയുടെ നില ഗുരുതരമാകുമായിരുന്നെന്ന് ഡോക്ടർമാർ പറഞ്ഞു.