തലശ്ശേരി: തോക്ക് നന്നാക്കുന്നതിനിടെ പൊലീസുകാരന്റെ കൈയിൽനിന്ന് വെടി പൊട്ടി വനിത ഉദ്യോഗസ്ഥക്ക് പരിക്കേറ്റു. തലശ്ശേരി പൊലീസ് സ്റ്റേഷനിൽ ബുധനാഴ്ച വൈകീട്ടാണ് സംഭവം. അതീവ രഹസ്യമാക്കി വെച്ച സംഭവം വെള്ളിയാഴ്ച രാത്രിയാണ് പുറത്തുവന്നത്.
ഡ്യൂട്ടി മാറുന്നതിനിടെ പൊലീസുകാരന്റെ കൈയിൽനിന്ന് അബദ്ധത്തിൽ വെടി പൊട്ടുകയായിരുന്നു. തറയിൽനിന്ന് ചീള് തെറിച്ചാണ് വനിത ഉദ്യോഗസ്ഥക്ക് കാലിന് പരിക്കേറ്റത്. സംഭവത്തിൽ തോക്ക് കൈകാര്യം ചെയ്ത സി.പി.ഒ സുബിനെ സസ്പെൻഡ് ചെയ്തു.
സുരക്ഷ വീഴ്ച മുൻനിർത്തിയാണ് നടപടി. പാറാവ് ഡ്യൂട്ടിയിലായിരുന്നു സി.പി.ഒ. ഡ്യൂട്ടി മാറുന്നതിനിടയിലാണ് വെടിപൊട്ടിയത്. സംഭവം പുറത്തുവന്നതോടെ വകുപ്പുതല അന്വേഷണം ആരംഭിച്ചു. തലശ്ശേരി സബ് കലക്ടറുടെ ഓഫിസിന് തൊട്ടടുത്താണ് തലശ്ശേരി പൊലീസ് സ്റ്റേഷൻ.