തലസ്ഥാനത്തിന് ഇനി തലയെടുപ്പ് കൂടും; വിഴിഞ്ഞത്തിന്റെ വളർച്ച സൃഷ്ടിക്കുന്നത് ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ

news image
May 1, 2025, 2:59 pm GMT+0000 payyolionline.in

ആദ്യ ചരക്കുകപ്പലെത്തി 10 മാസത്തിനിപ്പുറം കേരളത്തിന്റെ സ്വപ്ന സാഫല്യമായ വിഴിഞ്ഞം തുറമുഖം നാളെ രാജ്യത്തിന് സമർപ്പിക്കുകയാണ്. കേന്ദ്രത്തിന്റെ ആകാശത്ത് നിന്നും പൊട്ടിവീണതല്ല, മറിച്ച് കേരളത്തിന്റെ ഇച്ഛാശക്തിയിൽ വിത്തുപാകി മുളപ്പിച്ചതാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. നിരവധിപ്പേരാണ് ആ സ്വപ്നത്തെ തല്ലിക്കെടുത്താൻ ശ്രമിച്ചത്, എന്നാൽ നട്ടതും നനച്ചതും വാടാതെ നോക്കാനുള്ള കഴിവ് കേരളത്തിന് ഉള്ളടത്തോളം കാലം ഏത് സ്വപ്നവും ഇവിടെ പൂവണിയും. വിഴിഞ്ഞത്ത് തുറമുഖം തുറക്കുമ്പോൾ സർക്കാർ നൽകിയ എല്ലാ വാഗ്ദാനങ്ങളും കൂടിയാണ് പാലിക്കപ്പെടുന്നത്. അതിൽ ഒന്ന് തൊഴിലവസരങ്ങളാണ്. വിഴിഞ്ഞത്തിന്റെ വളർച്ച സൃഷ്ടിക്കുന്നത് ലക്ഷക്കണക്കിന് തൊഴിലവസരങ്ങളാണ്. വിഴിഞ്ഞം പോലൊരു പദ്ധതി വരുന്നതു കൊണ്ട് ഞങ്ങൾക്ക് എന്ത് ഗുണം എന്നു ചിന്തിക്കുന്നവരുണ്ട്. പ്രത്യേകിച്ച് ഉദ്യോഗാർഥികൾക്ക്. അവർക്കായി ഇവിടെ ഒരുങ്ങുന്നത് നിരവധി അവസരങ്ങളാണ്.

ലോജിസ്റ്റിക്‌ മേഖലയിൽ മാത്രം 10,000ലധികം തൊഴിൽ അവസരങ്ങൾ

രണ്ടാംഘട്ട നിർമാണം ആരംഭിക്കുന്നതോടെ തുറമുഖത്തിനുപുറത്ത്‌ ലോജിസ്റ്റിക്‌ മേഖലയിൽ മാത്രം 10,000ലധികം തൊഴിൽ അവസരങ്ങളാണ് സൃഷ്‌ടിക്കപ്പെടുന്നത്. വിഴിഞ്ഞം മുതൽ നാവായിക്കുളം വരെയുള്ള ഔട്ടർ റിങ്‌ റോഡ്‌ മൂന്നു ലക്ഷം തൊഴിലവസരം സൃഷ്‌ടിക്കും. കണ്ടെയ്‌നർ റിപ്പയർ യാർഡ്‌, വെയർഹൗസ്‌, ട്രക്ക്‌ പാർക്കിങ്‌ ടെർമിനലുകൾ തുടങ്ങിയവ സജ്ജമാകുന്നതോടെ ഈ മേഖലയിലും തൊഴിലുണ്ടാകും. ഹോട്ടലുകളുടെയും ടൂറിസ്റ്റ്‌ ഹോമുകളുടെയും എണ്ണത്തിലും വർധനവുണ്ടാകും. കപ്പലിൽ ക്രൂ ചേഞ്ചിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ വിഴിഞ്ഞത്ത്‌ എത്തുകയും പുറപ്പെടുകയും ചെയ്യും. എമിഗ്രേഷൻ ഓഫീസ്‌ പ്രവർത്തനം തുടങ്ങുന്നതോടെ ക്രൂ ചേഞ്ചിങ്‌ ആരംഭിക്കും.

ഇതുവരെ 774 നിയമനങ്ങൾ

മരുന്നു കയറ്റുമതിയുമായി ബന്ധപ്പെട്ട ഫാക്‌ടറികൾ തിരുവനന്തപുരത്തും തെക്കൻകേരളത്തിലും കേന്ദ്രീകരിക്കും. ഇലക്‌ട്രോണിക്‌സ്‌ ഫാക്‌ടറികൾ യാഥാർഥ്യമാകും. കപ്പലുകൾക്ക്‌ ഇന്ധനം നിറയ്‌ക്കൽ, ഭക്ഷണ വിതരണമേഖല എന്നിവയിലും തൊഴിലവസരമുണ്ടാകും. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത്‌ ഇതുവരെ 774 നിയമനങ്ങളാണ് നടന്നിരിക്കുന്നത്. അതിൽ 534പേർ കേരളത്തിൽനിന്നാണ്‌. മാത്രമല്ല, അതിൽ 37 ശതമാനംപേർ വിഴിഞ്ഞം നിവാസികളും ആണ്.

വിഴിഞ്ഞം സ്കിൽ ഡെവലപ്പ്മെന്റ് സെന്ററിൽ പരിശീലനം നേടിയ എട്ട് ഇന്റേണൽ ട്രാൻസ്ഫർ വെഹിക്കിൾ ഡ്രൈവർമാർക്കും ആറ് ലാഷർമാർക്കും ആണ് കഴിഞ്ഞ ദിവസം മന്ത്രി വി എൻ വാസവൻ പ്ലേസ്-മെന്റ് ഓർഡർ നൽകിയത്. വിഴിഞ്ഞം കമ്യൂണിറ്റി സ്‌കിൽ പാർക്ക് വഴി ലാഷർ, ഐടിവി (ഇന്റേണൽ ട്രാൻസ്ഫർ വെഹിക്കിൾ) ഡ്രൈവർമാർ, ഹൗസ് കീപ്പിങ്‌ മേഖലകളിലാണ് പരിശീലനം നൽകുന്നത്. മൂന്ന് ബാച്ച് ഐടിവി, 2 ബാച്ച് ലാഷർ കോഴ്സുകളിലെ മുഴുവൻപേർക്കും വിഴിഞ്ഞം പോർട്ടിൽ ജോലി ലഭിച്ചു. വിഴിഞ്ഞം കേന്ദ്രീകരിച്ചുള്ള വനിതാ കൂട്ടായ്മയായ വി സ്മാർട്ടിനാണ്‌ പോർട്ടിലെ ശുചീകരണ ചുമതല.

വളരാൻ തിരുവനന്തപുരവും

ചെറിയൊരു തീരദേശ ഗ്രാമത്തിൽ ഒരു തുറമുഖം വന്നപ്പോൾ ആ നാടിനുണ്ടായ അദ്ഭുതാവഹമായ മാറ്റത്തിനുള്ള തെളിവായി പൊതുവേ ചൂണ്ടിക്കാട്ടുന്ന തുറമുഖ നഗരമാണ് ചൈനയിലെ ഷെൻഷെൻ. വികസിച്ചു വികസിച്ച് 260 ചതുരശ്ര കിലോമീറ്ററോളം വ്യാപ്തിയിൽ ആ തുറമുഖം ഇന്ന് വളർന്നു കഴിഞ്ഞു. ഇനി ആ വളർച്ച കാണാൻ പോകുന്നത് നമ്മുടെ തലസ്ഥാനത്ത് ആയിരിക്കും. അത് അടിസ്ഥാന വർഗ്ഗത്തിന്റെ ജീവിതത്തിൽ ഉൾപ്പെടെ പ്രതിഫലിക്കും.

അടിമുടി മാറ്റിമറിക്കും

ചരക്ക് കപ്പലുകളുടെ വരവ് ചാല മാർക്കറ്റിലെ പച്ചക്കറി വ്യാപാരിക്കു പോലും ഗുണകരമായി തീരും. ടൂറിസം, വെയർഹൗസിങ്, ലോജിസ്റ്റിക്സ് പാർക്ക്, മാനുഫാക്‌ചറിങ് എന്നീ മേഖലകളിലുണ്ടാകുന്ന വളർച്ച നേരിട്ടും അല്ലാതെയും ഒരുക്കുന്ന തൊഴിൽ സാധ്യതകൾ, അതുവഴി റിയൽ എസ്റ്റേറ്റ് രംഗത്തുണ്ടാകുന്ന നിക്ഷേപം, ജോലി തേടിയെത്തുന്നവരുടെ എണ്ണം കൂടുന്നതോടെ അത് വാടക വീടുകളുടെ ആവശ്യകതയിൽ ഉണ്ടാക്കുന്ന വർധന ഇവയെല്ലാം സമ്പദ് വ്യവസ്‌ഥയെ അടിമുടി മാറ്റിമറിക്കും.

കപ്പലുകളുടെ അറ്റകുറ്റപ്പണി കേന്ദ്രങ്ങൾ, അവയ്ക്കാവശ്യമായ ഇന്ധന വിതരണം സ്പെയർ പാർട്ടുകൾ, കപ്പലുകൾക്കാവശ്യമായ പ്രൊവിഷനുകളുടെ സപ്ലൈ തുടങ്ങിയവയും ഒട്ടേറെ പുതിയ തൊഴിൽ മേഖലകൾ തുറക്കും. ക്രൂസ് കപ്പലുകൾ വരുന്നതോടെ വിനോദസഞ്ചാര രംഗത്തു നേട്ടമുണ്ടാകും. ഹോട്ടൽ മുറികളുടെ ബുക്കിങ് കൂടും. വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ലോക്കൽ മാർക്കറ്റുകളിലും ആനുപാതികമായി വരുമാനം ലഭിക്കും. ഓട്ടോറിക്ഷ തൊഴിലാളികൾ, ടാക്സി ഡ്രൈവർമാർ തുടങ്ങി സമൂഹത്തിന്റെ എല്ലാ തട്ടിലും ആ പണത്തിന്റെ പങ്ക് എത്തും. 1991 ൽ ടെക്നോപാർക്ക് വന്നതോടെ ടയർ ടു സിറ്റിയായി മാറിയ തലസ്ഥാനത്ത് ഇതാ, വിഴിഞ്ഞം തുറമുഖത്തിന്റെ ചിറകിൽ വൈകാതെ ഗ്ലോബൽ മെട്രോ സിറ്റിയായി മാറുന്ന കാഴ്ചയും നമുക്ക് കാണാൻ സാധിക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe