തലസ്ഥാനത്തെ സര്‍ക്കാര്‍ തിയേറ്ററുകളിലെ സിസിടിവി ദൃശ്യങ്ങള്‍ പോണ്‍ സൈറ്റുകളില്‍

news image
Dec 2, 2025, 9:06 am GMT+0000 payyolionline.in

കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ (കെഎസ്‌എഫ്ഡിസി) ഉടമസ്ഥതയിലുള്ള തിയേറ്ററുകള്‍ക്കുള്ളിലെ സിസിടിവി ദൃശ്യങ്ങള്‍ പോണ്‍ സൈറ്റുകളിലും, ടെലഗ്രാം, എക്സ് തുടങ്ങിയ സമൂഹ മാധ്യമങ്ങളിലും വ്യാപകമായി പ്രചരിക്കപ്പെടുന്നുവെന്ന് ദി ന്യൂസ് മിനിറ്റ് അന്വേഷണ റിപ്പോർട്ട്.

വിവിധ എക്സ് അക്കൗണ്ടുകളില്‍ തിയേറ്ററുകള്‍ക്കുള്ളിലെ കമിതാക്കളുടെ ദൃശ്യങ്ങളാണ് മുഖം പോലും ബ്ലർ ചെയ്യാതെ സെക്കന്റുകള്‍ മാത്രമുള്ള ‘ട്രെയ്‌ലർ’ എന്ന പേരില്‍ വിവിധ എക്സ് അക്കൗണ്ടുകളില്‍ പങ്കുവെക്കപ്പെടുന്നത്. ഇതിനോടൊപ്പം തന്നെ ടെലഗ്രാം ചാനലുകളില്‍ ജോയിൻ ചെയ്യാനുള്ള ലിങ്കുകളും പങ്കുവെക്കപ്പെടുന്നുണ്ട്. ടെലഗ്രാം ചാനലില്‍ ജോയിൻ ചെയ്‌താല്‍ അതില്‍ തന്നെ നിരവധി സബ് ചാനലുകളും കാണാൻ കഴിയും. തുടർന്ന് വിവിധ വിഭാഗങ്ങളാക്കി തിരിച്ച നിരവധി സിസി ടിവിദൃശ്യങ്ങളാണ് പണം നല്‍കിയാല്‍ ഡൗണ്‍ലോഡ് ചെയ്യാൻ കഴിയുന്നത്.

പണം അടച്ചതിന്റെ സ്ക്രീൻഷോട്ട് ഷെയർ ചെയ്യാൻ മാത്രമായി മറ്റൊരു ചാനലും നിലവിലുണ്ട്. സിസി ടിവി ദൃശ്യങ്ങളിലുള്ള തിയേറ്ററിലെ സീറ്റുകളില്‍ കെഎസ്‌എഫ്ഡിസിയുടെ ലോഗോ കൃത്യമായി കാണാൻ കഴിയുന്നുണ്ട്. ചില ദൃശ്യങ്ങളില്‍ കൈരളി എല്‍ 3 എന്ന വാട്ടർമാർക്കും, ചിലതില്‍ ശ്രീ ബിആർ എൻട്രൻസ്, നിള ബിഎല്‍ എൻട്രൻസ് എന്നീ വാട്ടർമാർക്കുകളും ദൃശ്യമാണ്.

ഹോസ്പിറ്റല്‍ സിസിടിവി ദൃശ്യങ്ങളും ചോരുന്നു?

തിയേറ്റർ അധികൃതരെ ബന്ധപ്പെട്ടപ്പോള്‍ ഇതുവരെ പരാതികളൊന്നും തന്നെ ലഭിച്ചിട്ടില്ലെന്ന വിവരമാണ് അറിയാൻ കഴിയുന്നത്. ഇത്തരം കാര്യങ്ങളെ കുറിച്ച്‌ അവർക്ക് അറിവില്ലെന്നും റിപ്പോർട്ടില്‍ പറയുന്നു. കെഎസ്‌എഫ്ഡിസി തിയേറ്ററുകളില്‍ സിസി ടിവി സ്ഥാപിച്ചത് കെല്‍ട്രോണ്‍ ആണെന്നും, അത്തരം ദൃശ്യങ്ങള്‍ പുറത്തുപോവാൻ വഴിയില്ലെന്നും തിയേറ്റർ അധികൃതർ പറയുന്നു. ആശുപത്രികളിലെ സിസിടിവി ദൃശ്യങ്ങളും ഇത്തരത്തില്‍ പ്രചരിക്കപ്പെടുന്നുണ്ടെന്നാണ് ദി ന്യൂസ് മിനിറ്റ് പറയുന്നത്. ജനങ്ങളുടെ സുരക്ഷയ്ക്ക് എന്ന പേരില്‍ സ്ഥാപിക്കപ്പെടുന്ന സിസിടിവി ദൃശ്യങ്ങള്‍ ഇത്തരത്തില്‍ സോഫ്റ്റ് പോണ്‍ വിഭാഗത്തില്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കപ്പെടുന്നത് തികച്ചും ആശങ്കാജനകമാണ്

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe