തിരുവനന്തപുരം: തലസ്ഥാത്ത് അഞ്ച് പേർക്ക് കൂടി മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. ആരോഗ്യവകുപ്പിന്റെ വ്യാഴാഴ്ചത്തെ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആനാട്, മംഗലപുരം, പോത്തൻകോട്, രാജാജി നഗർ, പാങ്ങപ്പാറ, എന്നിവിടങ്ങളിൽ നിന്നുള്ളവർക്കാണ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ 22 ഓളം രോഗികൾഅമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സ യിലാണ്. മിക്കവരും തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ഉറവിടം അജ്ഞാതമായി തുടരുന്ന രോഗം വലിയ ആശങ്കയാണ് ഉയർത്തിയിരിക്കുന്നത്. മലിനജല ത്തിൽ കുളിക്കുകയോ മറ്റോ ചെയ്യുന്നവർക്കാണ് രോഗബാധ ഉണ്ടാകുന്നു എന്നാണ് ഇതുവരെയുള്ള അനുമാന മെങ്കിലും അത്തരം ഒരു സാഹചര്യത്തിൽ ഇടപഴകാത്തവർക്കും ഇപ്പോൾ രോഗബാധ ഉണ്ടാകുന്നു എന്നാതാണ് വലിയ ആശങ്ക. വെള്ളത്തിൽ നിന്നാണ് രോഗം പകരുന്നതെന്ന അനുമാനത്തിന്റെ അടി സ്ഥാനത്തിൽ നടത്തിയ പരിശോധനകളിൽ ജലഅതോറിറ്റിയുടെ വെള്ളം ശേഖരിക്കുന്ന ടാങ്കുകളിൽ അമീബ സാന്നിധ്യം കണ്ടെത്തിയിരുന്നു.
എന്നാൽ ഈ വെള്ളം ഉപയോഗിച്ചവർക്ക് പരിശോധനയിൽ തെളിഞ്ഞ അമീബയല്ല രോഗത്തിന് കാരണമായത്. മറ്റൊരു അമീബയെന്നാണ് പരിശോധന ഫലം വന്നത്. ഇതും ആരോഗ്യവകുപ്പിനെ കുഴക്കുകയാണ്. നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ, സാപ്പിനിയ, ബാലമുത്തിയ, വെർമീബ എന്നീ അമീബ വിഭാഗത്തിൽപ്പെട്ട രോഗാണുക്കൾ തലച്ചോറിനെ ബാധിക്കുമ്പോഴാണ് അമീബിക് മസ്തിഷ്കജ്വരം അഥവാ അമീബിക് മെനിൻജോ എൻസെഫലൈറ്റിസ് ഉണ്ടാകുന്നത്. സാധാരണയായി കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങിക്കുളിക്കുന്നവരിലും നീന്തുന്നവരിലുമാണ് രോഗബാധ ഉണ്ടാകുന്നത്.
മൂക്കിനെയും മസ്തിഷ്കത്തെയും വേർതിരിക്കുന്ന നേർത്ത പാളിയിലുള്ള സുഷിരങ്ങൾ വഴിയോ കർണപടലത്തിലുണ്ടാകുന്ന സുഷിരങ്ങൾ വഴിയോ അമീബ തലച്ചോറിലേക്ക് കടന്ന് രോഗകാരണമാകുന്നതത്രേ. 97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്. രോഗം മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് പകരില്ല. രോഗാണുബാധ ഉണ്ടായാൽ അഞ്ച് മുതൽ 10 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകുന്നു.
വയോധികക്ക് സ്ഥിരീകരിച്ചു
പോത്തൻകോട്: പോത്തൻകോട് വാവറഅമ്പലം സ്വദേശിനിയായ 79 കാരിക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. പത്തുദിവസം മുൻപാണ് ഇവർക്ക് പനി വന്നത്. തുടർന്ന് പോത്തൻകോട് സ്വകാര്യ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലായിരുന്നു. വൃദ്ധയുടെ ആരോഗ്യസ്ഥിതി മോശമായതിനാൽ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിരിക്കെ വൃക്കകൾ തകരാറിലായി. ഡയാലിസിസ് നടത്തിയെങ്കിലും പനി കുറയാത്തതിനാൽ വീണ്ടും വിശദമായി പരിശോധിച്ചപ്പോഴാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. രോഗിയെ വ്യാഴാഴ്ച മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇപ്പോൾ മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇവരുടെ കിണറ്റിലെ വെള്ളത്തിന്റെ സാമ്പിൾ ഇന്നലെ ആരോഗ്യവകുപ്പ് പരിശോധനക്കായി ശേഖരിച്ചു.
ആനാട് യുവതി ചികിത്സയിൽ
നെടുമങ്ങാട്: ആനാട് പഞ്ചായത്തിലെ ഇരിഞ്ചയം സ്വദേശിനിയായ 24 വയസ്സുള്ള യുവതിക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. പനി ഉൾപ്പെടെ ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് ഒരാഴ്ച മുൻപ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനു പിന്നാലെ നടത്തിയ രക്ത പരിശോധനയിലാണ് മസ്തിഷ്ക ജ്വരം സ്ഥിതീകരിച്ചത്. യുവതി നിലവിൽ വെന്റിലേറ്ററിലാണ്. രണ്ട് വയസ്സുള്ള കുട്ടി ഉൾപ്പെടെ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. എന്നാൽ രോഗ ബാധയുടെ ഉറവിടത്തെ സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. യുവതി വീട്ടിലെ കിണറിലെ വെള്ളം മാത്രമാണ് ഉപയോഗിച്ചതെന്നാണ് വിവരം. വീട്ടിലെ കിണർ ഈയിടെ ആരോഗ്യ പ്രവർത്തകർ ശുദ്ധീകരിച്ചിരുന്നു.