തലസ്ഥാന ന​ഗരിയുടെ നാഥനായി വിവി രാജേഷ്; തിരുവനന്തപുരം തിലകമണിഞ്ഞെന്ന് കേന്ദ്രസഹമന്ത്രി സുരേഷ്ഗോപി, സത്യപ്രതിജ്ഞയിലെ ബിജെപിയുടെ ചട്ടലംഘനം ചൂണ്ടിക്കാട്ടി സിപിഎം

news image
Dec 26, 2025, 8:53 am GMT+0000 payyolionline.in
തിരുവനന്തപുരം: ഇനി വിവി രാജേഷ് തലസ്ഥാന ന​ഗരിയുടെ നാഥൻ. തിരുവനന്തപുരം കോര്‍പറേഷന്‍ മേയറായി വിവി രാജേഷിനെ തെരഞ്ഞെടുത്തു. 51 വോട്ടുകള്‍ നേടിയാണ് വിജയിച്ചത്. 50 ബിജെപി അംഗങ്ങളുടെയും ഒരു സ്വതന്ത്രന്‍റെയും വോട്ടുകളാണ് ലഭിച്ചത്. യുഡിഎഫിന്‍റെ കെ എസ് ശബരീനാഥന് 17 വോട്ടുകളാണ് ലഭിച്ചത്. എൽഡിഎഫിന്റെ മേയർ സ്ഥാനാർത്ഥി ആർ പി ശിവജിക്ക് 29 വോട്ടുകളാണ് ലഭിച്ചത്. തിരുവനന്തപുരം തിലകമണിഞ്ഞെന്ന് കേന്ദ്രസഹമന്ത്രി സുരേഷ്ഗോപി പ്രതികരിച്ചു. എം ആർ ഗോപനാണ് വി വി രാജേഷിൻ്റെ പേര് നിർദേശിച്ചത്. വി ജി ഗിരികുമാർ പിൻതാങ്ങി. കോൺ​ഗ്രസിന്റെ രണ്ട് വോട്ട് അസാധുവാണ്. സാധു വോട്ട് 97. ഒപ്പ് ഇട്ടതിലെ പിഴവ് മൂലമാണ് വോട്ട് അസാധുവായത്. കെ ആർ ക്ലീറ്റസ്, ലതിക എന്നിവരുടെ വോട്ടാണ് അസാധു ആയത്. ക്ലീറ്റസ് കൗൺസിലിലെ മുതിർന്ന അംഗമാണ്.

അതേസമയം, ബിജെപിയുടെ ചട്ടലംഘനം ചൂണ്ടിക്കാട്ടി സിപിഎം പ്രതിഷേധിച്ചു. ഇരുപതോളം അംഗങ്ങൾ പല പേരുകളിൽ പ്രതിജ്ഞ എടുത്ത് ചട്ടം ലംഘിച്ചു. ഇതിൽ പരാതി നൽകിയത് നിലവിലുണ്ട്. ബലിദാനി പേരിൽ ഉൾപ്പെടെയുള്ള പ്രതിജ്ഞ അംഗീകരിക്കാൻ കഴിയില്ലെന്ന് എസ് പി ദീപക് പറഞ്ഞു. ചട്ടപ്രകാരം പ്രതിജ്ഞ എടുത്തവരുടെ വോട്ട് മാത്രം സാധുവായി കണക്കാക്കണം. ബിജെപി, യുഡിഎഫ് അംഗങ്ങളായ ഇരുപത് പേർ ചട്ടം ലംഘിച്ചെന്നും അദ്ദേഹം പറഞ്ഞു. വോട്ടെടുപ്പ് നിയമവിരുദ്ധം എന്നും സിപിഎം ആരോപിച്ചു. ചട്ടം ലംഘിച്ചവരെ മാറ്റിനിർത്തി വോട്ടെടുപ്പ് നടത്തണമെന്നും സിപിഎം ആവശ്യപ്പെട്ടു.

രാവിലെ മുഖ്യമന്ത്രി പിണറായി വിജയൻ രാജേഷിനെ ഫോണിൽ വിളിച്ച് ആശംസകൾ അറിയിച്ചിരുന്നു. ഒരു സ്വതന്ത്രൻ വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നിരുന്നു. കോൺ​ഗ്രസ് വിമതനായ സുധീഷ് കുമാർ ആണ് വിട്ടുനിന്നത്. ആർക്കും പിന്തുണ നൽകുന്നില്ലെന്നായിരുന്നു സുധീഷ്കുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. തിരുവനന്തപുരം കോർപ്പറേഷനില്‍ മേയർ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ മുൻ എംഎൽഎ കെ എസ് ശബരീനാഥൻ ആയിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥി. പുന്നക്കാമു​ഗൾ കൗൺസിലറും ജില്ലാ കമ്മിറ്റി അംഗവുമായ ആർ പി ശിവജിയായിരുന്നു എൽഡിഎഫിന്റെ മേയർ സ്ഥാനാർത്ഥി.

തിരുവനന്തപുരം മേയർ സ്ഥാനം അവസാന നിമിഷം കൈവിട്ടുപോയതിൽ മുൻ ഡിജിപി ആർ ശ്രീലേഖ കടുത്ത അതൃപ്തിയിലാണ്. അനുനയിപ്പിക്കാൻ കേന്ദ്ര നേതാക്കൾ ശ്രമം നടത്തുന്നതായാണ് ലഭ്യമാകുന്ന വിവരങ്ങൾ. ശ്രീലേഖയെ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം മുതൽ തന്നെ മേയർ സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന് പ്രചരിച്ചിരുന്നു. എന്നാൽ, അവസാന നിമിഷം വിവി രാജേഷിനെ മേയറാക്കാനുള്ള തീരുമാനം ബിജെപി എടുക്കുകയായിരുന്നു. തന്റെ അതൃപ്തി അവർ പാർട്ടിയെ നേരിട്ട് അറിയിച്ചതായാണ് സൂചന.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe