തല വെട്ടുന്നവർക്ക് 10 കോടി നൽകുമെന്ന സന്യാസിയുടെ പ്രസ്താവന; മറുപടിയുമായി ഉദയനിധി സ്റ്റാലിൻ

news image
Sep 5, 2023, 3:33 am GMT+0000 payyolionline.in

ചെന്നൈ: തനിക്കെതിരെ സന്യാസി നടത്തിയ പ്രകോപന പ്രസ്താവനക്ക് മറുപടിയുമായി തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ മകനും മന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിൻ. സനാതന ധര്‍മ്മ പരാമര്‍ശത്തിന്റെ പേരിലാണ്, ഉദയനിധി സ്റ്റാലിന്റെ തല വെട്ടുന്നവർക്ക് 10 കോടി പരിതോഷികം നൽകുമെന്ന സന്യാസിയുടെ പ്രകോപന പ്രസ്താവന.

എന്നാൽ സന്യാസിയുടെ കൈയിൽ 10 കോടി എങ്ങനെ വരുമെന്നാണ് മറുപടിയായി ഉദയനിധി മറുചോദ്യമുന്നയിച്ചത്. സന്യാസി ഒറിജിനലോ ഡ്യൂപ്ലിക്കേറ്റോ എന്നും ഉദയനിധി ചോദിച്ചു. തന്റെ തലയ്ക്കു 10 കോടി ഒന്നും വേണ്ട. 10 രൂപയുടെ ചീപ്പു കൊണ്ട് തല ചീകാമെന്നുമായിരുന്നു ഉദയനിധിയുടെ പരിഹാസം. കരുണാനിധിയുടെ കൊച്ചുമകനെ വിരട്ടാൻ നോക്കരുതെന്നും സനാതനധർമത്തിലെ അസമത്വത്തെ ഇനിയും വിമർശിക്കുമെന്നും ഉദയനിധി നിലപാട് വ്യക്തമാക്കി. അയോദ്ധ്യയിലെ സന്യാസി ജഗദ്ഗുരു പരമഹംസ ആചാര്യയുടേതായിരുന്നു ഉദയനിധിക്കെതിരെയുള്ള പരാമർശം. പ്രതീകാത്മകമായി മന്ത്രിയുടെ ചിത്രം വെട്ടുന്ന വീഡിയോയും സന്യാസി  പങ്കുവെച്ചിരുന്നു.

ശനിയാഴ്ച ചെന്നൈയില്‍ നടന്ന സമ്മേളനത്തിലായിരുന്നു ഉദയനിധിയുടെ വിവാദത്തിലായ പരാമര്‍ശം. “ചില കാര്യങ്ങൾ എതിർക്കാനാവില്ല. അതിനെ ഉന്മൂലനം ചെയ്യണം. നമുക്ക് ഡെങ്കിപ്പനി, മലേറിയ, കോവിഡ് എന്നിവയെ എതിർക്കാനാവില്ല. നിർമാർജനം ചെയ്യാനേ കഴിയൂ. അങ്ങനെ തന്നെയാണ് സനാതനവും. അതിനെ എതിർക്കുന്നതിൽ ഉപരിയായി നിര്‍മാർജനം ചെയ്യുകയാണ് വേണ്ടതെന്നായിരുന്നു ഉദയനിധിയുടെ പരാമർശം. ജാതിവെറിക്ക് ഇരയായ രോഹിത് വെമുലയുടെ അമ്മയെ ഉള്‍പ്പെടെ വേദിയിലിരുത്തിയായിരുന്നു ഉദയനിധിയുടെ പരാമർശം.

സനാതന ധര്‍മ്മം ഉന്മൂലനം ചെയ്യപ്പെടേണ്ടതെന്ന ഉയനിധി സ്റ്റാലിന്‍റെ പരാമര്‍ശം സാമുദായിക സംഘര്‍ഷവും മതസ്പര്‍ധയും ലക്ഷ്യം വച്ചെന്ന ആരോപണമാണ് ബിജെപിയും തീവ്രഹിന്ദുത്വ സംഘടനകളും ഉയർത്തുന്നത്. പരാമർശത്തിൽ, മന്ത്രി ഉദയനിധിസ്റ്റാലിനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി തേടി  ബിജെപി ഗവര്‍ണറെ സമീപിച്ചു. എക്സ് പ്ലാറ്റ്ഫോമിൽ ആർഎസ്എസ് അനുകൂല അഭിഭാഷക സംഘടന പങ്കുവച്ച കത്തിന്‍റെ പകര്‍പ്പിന് താഴെ ചിരിക്കുന്ന ഇമോജി ഉദയനിധി  മറുപടിയായി നൽകി പരിഹസിച്ചതും ബിജെപിയെ ചൊടിപ്പിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe