താനൂർ: താനൂരിൽ വീണ്ടും ലഹരിവേട്ട. തെയ്യാല ഓമച്ചപ്പുഴ റോഡിൽ വാഴത്തോട്ടത്തിൽ സൂക്ഷിച്ച നിരോധിത പുകയില ഉൽപന്ന ശേഖരം പിടികൂടി. സംഭവത്തിൽ കുണ്ടിൽ വീട്ടിൽ മൊയ്തീൻ കുട്ടിയെ(60) പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം ഇതിന് സമീപത്ത് നിന്നാണ് രണ്ട് കിലോക്കടുത്ത് കഞ്ചാവ് ശേഖരം പിടികൂടിയത്. താനൂർ ഡിവൈ.എസ്.പി പി. പ്രമോദിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ ആരംഭിച്ച അമ്പത് ദിന കർമ പദ്ധതിയുടെ ഭാഗമായാണ് പരിശോധന കർശനമാക്കിയത്. വിവിധയിടങ്ങളിൽ നിന്നായി എം.ഡി.എം.എ, കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നവരെയും വിൽപന നടത്തുന്നവരെയും ഈ കാലയളവിൽ പിടികൂടിയിരുന്നു.
നിരോധിത പുകയില ഉൽപന്ന ശേഖരം പിടികൂടിയത് താനൂർ എസ്.ഐ സുജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ഡാൻസാഫ് ടീമും ചേർന്ന് നടത്തിയ പരിശോധനയിലാണ്. കഴിഞ്ഞദിവസം ഒരുകടയിൽനിന്ന് നിരോധിത പുകയില ഉൽപന്നം പിടികൂടിയിരുന്നു. ഇവിടേക്ക് ഉൽപന്നം എത്തിക്കുന്നത് മൊയ്തീൻ കുട്ടിയാണെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാളുടെ വീടിന് സമീപത്തെ വാഴത്തോട്ടത്തിൽ രണ്ട് പ്ലാസ്സിക് ചാക്കുകളിലായി സൂക്ഷിച്ച 1500 പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടിയത്. കടകളിൽ വിൽപന നടത്തുന്നയാളാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.