താനൂർ: താനൂരിൽ പൊലീസ് കസ്റ്റഡിയിൽ യുവാവ് മരണപ്പെട്ടതുമായി ബന്ധമുള്ള മുഴുവൻ പൊലീസുകാർക്കെതിരെയും നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് താനൂർ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ പ്രമേയം. അംഗം വി.കെ.എ. ജലീലാണ് പ്രമേയം അവതരിപ്പിച്ചത്. വളരെയധികം ആശങ്ക സൃഷ്ടിക്കുന്നതാണ് താനൂരിലെ കസ്റ്റഡി മരണമെന്ന് പ്രമേയത്തിൽ പറയുന്നു. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണം.
ചെമ്മാട് സ്വദേശി താമിർ ജിഫ്രിയാണ് താനൂർ പൊലീസിന്റെ കസ്റ്റഡിയിൽ മരിച്ചത്. കസ്റ്റഡിയിലെടുത്ത യുവാവിനെ പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോകാതെ മറ്റൊരു രഹസ്യ കേന്ദ്രത്തിൽ കൊണ്ടുപോയി എന്നത് ദുരൂഹത സൃഷ്ടിക്കുന്നുണ്ട്. ക്രൂര മർദനത്തെ തുടർന്നാവണം യുവാവ് സ്റ്റേഷനിൽ കുഴഞ്ഞുവീണിട്ടുണ്ടാവുക. മൃതദേഹം ബന്ധുക്കൾക്ക് കാണിക്കാൻ വൈകിയത് സംഭവത്തിലെ ദുരൂഹതയും അലംഭാവവും വ്യക്തമാക്കുന്നുണ്ട്.
എസ്.ഐ ഉൾപ്പെടെ എട്ടു പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തതിലൂടെ മരണത്തിലെ പൊലീസുകാരുടെ പങ്കാണ് വ്യക്തമാകുന്നത്. അതിനാൽ കസ്റ്റഡി മരണത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണം. കസ്റ്റഡിയിൽ എടുക്കുന്നവരെ ക്രൂരമായി മർദിക്കുന്ന പൊലീസിന്റെ രീതി മാറണം. കുടുംബത്തിന് നഷ്ടപരിഹാരം നൽകണം. കുറ്റക്കാരായ മുഴുവൻ പൊലീസുകാർക്കെതിരെയും ക്രിമിനൽ കേസെടുത്ത് ജയിലിലടക്കണമെന്നും പ്രമേയത്തിലൂടെ സർക്കാറിനോട് ആവശ്യപ്പെട്ടു.
ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ടി. നിയാസ് പ്രമേയത്തെ പിന്താങ്ങി. ഭരണസമിതി യോഗത്തിൽ പ്രസിഡന്റ് കെ. സൽമത്ത് അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് പി.സി. അഷ്റഫ്, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ ആബിദ ഫൈസൽ, നിറമരുതൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇസ്മയിൽ പുതുശ്ശേരി, പൊന്മുണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുണ്ടിൽ ഹാജറ, ചെറിയമുണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷംസിയ സുബൈർ, താനാളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മല്ലിക ടീച്ചർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എൻ.വി. നിധിൻദാസ്, സാജിദ നാസർ, ചേനത്ത് സൈനബ എന്നിവർ പ്രമേയത്തെ അനുകൂലിച്ച് സംസാരിച്ചു. സി.പി.എം അംഗങ്ങളായ വി. കാദർകുട്ടി, പി. നാസർ, പ്രേമ എന്നിവർ പ്രമേയത്തെ എതിർത്ത് വിയോജനക്കുറിപ്പ് രേഖപ്പെടുത്തി.