തിരൂർ: കുട്ടികളടക്കം 22 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത താനൂർ ബോട്ട് ദുരന്തത്തിനിടയാക്കിയ ‘അറ്റ്ലാൻറിക്’ ബോട്ട് നിർമിച്ചത് പ്ലാനിന് വിരുദ്ധമായെന്ന് കേസിലെ 21ാം സാക്ഷിയും കൊച്ചിൻ ശാസ്ത്ര-സാങ്കേതിക സർവകലാശാല ഷിപ്പ് ടെക്നോളജി അസി. പ്രഫസറുമായ കെ.ആർ. അരവിന്ദ് കോടതി മുമ്പാകെ മൊഴിനൽകി. താനൂർ ബോട്ട് ദുരന്തം അന്വേഷിക്കുന്ന ജുഡീഷ്യൽ കമീഷൻ ചെയർമാൻ ജസ്റ്റിസ് വി.കെ. മോഹനൻ, കമീഷൻ അംഗങ്ങളായ എസ്. സുരേഷ് കുമാർ, ഡോ. എ.പി. നാരായണൻ എന്നിവർക്കു മുന്നിലാണ് മൊഴി നൽകിയത്. തിരൂർ ഗവ. റസ്റ്റ് ഹൗസിൽ സജ്ജീകരിച്ച പ്രത്യേക കോടതിയിലെ തെളിവെടുപ്പിന്റെയും സാക്ഷിവിസ്താരത്തിന്റെയും സിറ്റിങ്ങിലാണ് ബോട്ട് നിർമിച്ചതിലെ അനാസ്ഥ എടുത്തുപറഞ്ഞത്.
ബുധനാഴ്ച നടന്ന സാക്ഷിവിസ്താരത്തിലാണ് ദുരന്തത്തിനിടയാക്കിയ ബോട്ട് നിർമിച്ചത് പ്ലാനിന് വിരുദ്ധമായിട്ടാണെന്ന് കെ.ആർ. അരവിന്ദ് ചൂണ്ടിക്കാട്ടിയത്. പ്ലാനിന് അപേക്ഷിക്കുന്ന സമയത്ത് ബോട്ടിന് രണ്ടാമത്തെ തട്ടും കോണിയും ഉണ്ടായിരുന്നില്ല. അപേക്ഷിച്ച പ്ലാനിന് വിരുദ്ധമായാണ് ബോട്ട് നിർമിച്ചിരുന്നത്. ബോട്ടിന് രണ്ടാമത്തെ തട്ടുണ്ടാക്കാൻ ആവശ്യമായ ഉറപ്പുണ്ടായിരുന്നില്ല. ബോട്ട് നിർമിച്ചതിന് അംഗീകാരം നൽകേണ്ട പോർട്ട് ഓഫിസർക്ക് ഗുരുതര വീഴ്ചയാണ് സംഭവിച്ചത്. ഇതാണ് ബോട്ട് മറിയാനുള്ള ഒന്നാമത്തെ കാരണമായതെന്നും അദ്ദേഹം മൊഴിനൽകി.
22 യാത്രക്കാർക്കു മാത്രം കയറാൻ അനുമതിയുള്ള ബോട്ടിൽ 45ലധികം പേരെയാണ് കയറ്റിയിരുന്നത്. ഇത് ബോട്ട് മറിയാനുള്ള രണ്ടാമത്തെ കാരണമായി. ബോട്ട് പരിശോധിച്ച സമയത്ത് രജിസ്ട്രേഷൻ നടപടികൾപോലും പൂർത്തിയാക്കാത്ത നിലയിലായിരുന്നെന്നും കെ.ആർ. അരവിന്ദ് വ്യക്തമാക്കി. ബോട്ടിന്റെ എൻജിനു ചുറ്റും പുക നിറഞ്ഞ നിലയിലായിരുന്നെന്നും പുക പുറത്തേക്ക് പോകാനുള്ള പൈപ്പ് പി.വി.സി കൊണ്ടുള്ളതായിരുന്നെന്നും ബോട്ടപകടത്തിനുശേഷം നടത്തിയ രാസപരിശോധനക്ക് നേതൃത്വം നൽകിയ റീജനൽ ഫോറൻസിക് ലാബ് തൃശൂർ ജോയന്റ് ഡയറക്ടർ ആർ. റാഹില മൊഴിനൽകി. കേസിലെ 30ാം സാക്ഷിയും അപകടത്തിൽപെട്ട ബോട്ട് മുമ്പ് മത്സ്യബന്ധനത്തിന് ഉപയോഗിച്ചിരുന്നയാളുമായ അരിയെല്ലൂർ മൊയ്തീൻകുട്ടിയുടെ പുരയ്ക്കൽ നൗഫൽ വള്ളിക്കുന്നും സാക്ഷിവിസ്താരത്തിന് ഹാജരായി. താൻ പാലപ്പെട്ടി സ്വദേശിക്കാണ് ബോട്ട് വിറ്റതെന്നും അവരിൽനിന്നാണ് നാസർ വാങ്ങിച്ച് രൂപമാറ്റം വരുത്തി ബോട്ട് സർവിസ് നടത്തിയതെന്നും നൗഫൽ മൊഴി നൽകി. ബോട്ടപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ജെർഷ എന്ന കുട്ടിയെ പരിശോധിച്ച തിരൂരങ്ങാടി ഗവ. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. പ്രബുദാസും കമീഷൻ മുമ്പാകെ ഹാജരായി. ജെർഷക്ക് ജീവിതാവസാനം വരെ ചികിത്സ തുടരേണ്ടിവരുമെന്നും കമീഷൻ മുമ്പാകെ അദ്ദേഹം പറഞ്ഞു.
16 മുതൽ 30 വരെയുള്ള സാക്ഷികളിൽ എട്ടുപേരാണ് ഹാജരായത്. വ്യാഴാഴ്ച 20 സാക്ഷികളെക്കുടി വിസ്തരിക്കും. കമീഷൻ അഭിഭാഷകൻ ടി.പി. രമേഷാണ് സാക്ഷികളെ വിസ്തരിച്ചത്. സർക്കാറിനുവേണ്ടി ഗവ. പ്ലീഡർ ടി.പി. അബ്ദുൽ ജബ്ബാർ, സാക്ഷികൾക്കുവേണ്ടി അഡ്വ. പി.പി. റഹൂഫ്, അഡ്വ. ത്വയ്യിബ് ഹുദവി എന്നിവരും പ്രതികൾക്കുവേണ്ടി അഡ്വ. നസീർ ചാലിയം, അഡ്വ. ബാബു കാർത്തികേയൻ എന്നിവരും ഹാജരായി.