താനൂർ ബോട്ടപകടം: പത്താം പ്രതിക്ക് ജാമ്യം

news image
Jul 19, 2023, 3:34 pm GMT+0000 payyolionline.in

കൊച്ചി: 22 പേർ മരിക്കാനിടയായ മലപ്പുറം താനൂർ ബോട്ടപകടത്തിലെ പത്താം പ്രതിക്ക്​ ഹൈകോടതിയുടെ ജാമ്യം. ബോട്ട്​ ജീവനക്കാരനായ താനൂർ ചെമ്പന്റെ പുരക്കൽ മുഹമ്മദ് റിൻഷാദിനാണ്​ ജസ്റ്റിസ്​ എ.എ. സിയാദ്​ റഹ്​മാൻ ഉപാധികളോടെ ജാമ്യം അനുവദിച്ചത്​. ബോട്ടിലേക്ക് ആളുകളെ വിളിച്ചുകയറ്റുന്ന ജോലിയായിരുന്നു​ 19കാരനായ റിന്‍ഷാദിന്​​.

മഞ്ചേരി ജില്ല സെഷൻസ് കോടതി ഹരജി തള്ളിയതിനെ തുടർന്നാണ്​ ഹൈകോടതിയെ സമീപിച്ചത്​. ഹരജിക്കാരന്‍റെ പ്രായക്കുറവും 65 ദിവസമായി ജയിലിൽ കഴിയുന്നതും ക്രിമിനല്‍ പശ്ചാത്തലങ്ങളില്ലാത്തതുമടക്കം പരിഗണിച്ചാണ്​ ജസ്റ്റിസ് എ. സിയാദ് റഹ്‌മാന്‍ ഉപാധികളോടെ ജാമ്യം അനുവദിച്ചത്​.

അതേസമയം, ബോട്ടപകടത്തെ തുടർന്ന് അറസ്റ്റിലായ കേരള മാരിടൈം ബോർഡ് ചീഫ് സർവേയർ സെബാസ്റ്റ്യൻ ജോസഫ്​, വി.വി. പ്രസാദ്​ എന്നിവരുടെ ജാമ്യഹരജി വെള്ളിയാഴ്ച പരിഗണിക്കാൻ മാറ്റി. മാധ്യമങ്ങളുടെ വായടക്കാൻ വേണ്ടിയാണ് പൊലീസ് അറസ്റ്റ് ചെയ്തതെന്നതടക്കം ചൂണ്ടിക്കാട്ടിയാണ്​ ഇവർ ഹരജി നൽകിയിരിക്കുന്നത്​. സ്രാങ്കും ലാസ്‌കറുമടക്കം 24 പേർ കയറാവുന്ന ബോട്ടിൽ 52 പേർ കയറിയതാണ് മേയ് ഏഴിലെ അപകടത്തിന്​ കാരണമായതെന്നാണ്​ കണ്ടെത്തിയത്​.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe