താനൂർ ബോട്ട് അപകടം; ബോട്ടിലെ സഹായികളായ 3 പേർ കൂടി അറസ്റ്റിൽ

news image
May 11, 2023, 2:05 am GMT+0000 payyolionline.in

മലപ്പുറം: മലപ്പുറം ജില്ലയിലെ താനൂരിൽ വിനോദസഞ്ചാര ബോട്ട് മുങ്ങി 15 കുട്ടികളുൾപ്പെടെ 22 പേർ മരിച്ച സംഭവത്തിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ. ബോട്ടിലെ സഹായികളായ അപ്പു, അനി, ബിലാൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ബോട്ടുടമ നാസറും സ്രാങ്ക് ദിനേശനും നേരത്തെ അറസ്റ്റിലായിരുന്നു. ബോട്ട് ഡ്രൈവർ ദിനേശൻ താനൂരിൽ വെച്ചാണ് പൊലീസിന്‍റെ പിടിയിലായത്. ബോട്ടുടമ നാസറിനെ ഇന്നലെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. പ്രതിയെ തിരൂർ സബ് ജയിലിലേക്ക് മാറ്റി. നാസറിനെ കസ്റ്റഡിയിൽ ലഭിക്കാൻ നാളെ പൊലീസ് അപേക്ഷ നൽകും.

അതേസമയം, താനൂരിൽ അപകടം വരുത്തിയ ബോട്ടിൽ 37 പേരാണ് ഉണ്ടായിരുന്നതെന്നാണ് റിമാൻഡ് റിപ്പോർട്ടില്‍ പറയുന്നത്. 22 പേർക്ക് സഞ്ചരിക്കാൻ ശേഷിയുള്ള ബോട്ടിലാണ് 37 പേരെ കയറ്റിയത്. ആളുകളെ അശാസ്ത്രീയമായി കുത്തിനിറച്ചതാണ് അപകട കാരണം എന്നാണ് റിമാൻഡ് റിപ്പോർട്ടില്‍ പറയുന്നത്. മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി ബോട്ടിന്‍റെ ഡക്കിൽ പോലും ആളുകളെ കയറ്റി. ഇവിടേക്ക് കയറാൻ സ്റ്റെപ്പുകൾ വെച്ചു. ഡ്രൈവർക്ക് ലൈസൻസ് ഉണ്ടായിരുന്നില്ല. മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തിയതാണ് വൻ ദുരന്തത്തിന് കാരണമെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

താനൂര്‍ ബോട്ട് അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ ജുഡീഷ്യൽ കമ്മീഷനെ തീരുമാനിച്ച് സര്‍ക്കാര്‍. ജസ്റ്റിസ് വി കെ മോഹനന്‍റെ നേതൃത്വത്തിലുള്ള സമിതിയെയാണ് മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തിയത്. സംസ്ഥാനത്തെ മുഴുവൻ യാനങ്ങളിലും സ്പെഷ്യൽ സ്ക്വാഡ് രൂപീകരിച്ച് പരിശോധന നടത്താൻ തുറമുഖമന്ത്രി അഹമ്മദ് ദേവര്‍കോവിലിന്‍റെ അധ്യക്ഷതയിൽ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. ബോട്ടുകളിൽ കയറ്റാവുന്ന പരമാവധി യാത്രക്കാരുടെ എണ്ണം പൊതുജനങ്ങൾക്ക് കാണാവുന്ന രീതിയിൽ പ്രദര്‍ശിപ്പിക്കും. തദ്ദേശസ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ ജാഗ്രതാ സമിതികൾ രൂപീകരിക്കാനും തീരുമാനമായി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe