കോഴിക്കോട്∙ താമരശേരി ചുരത്തിലൂടെയുള്ള ദുരന്ത യാത്രയ്ക്ക് പരിഹാരമായി പ്രഖ്യാപിച്ച മേപ്പാടി– കള്ളാടി–ആനക്കാംപൊയിൽ തുരങ്കപാതയെക്കുറിച്ച് ഇത്തവണത്തെ ബജറ്റ് നയപ്രഖ്യാപനത്തിലും പരാമർശമുണ്ടായത് മലബാർ മേഖലയിലുള്ള ചുരം യാത്രക്കാർക്ക് നൽകുന്നത് വലിയ പ്രതീക്ഷ. ‘അടിസ്ഥാന സൗകര്യ മേഖലയിൽ ദേശീയ പാത 66 വികസിപ്പിക്കുന്നതിൽ ഗണ്യമായ പുരോഗതി നേടിയിട്ടുണ്ട്. ആനക്കാംപൊയിൽ–കള്ളാടി–മേപ്പാടി തുരങ്കപാത എന്ന സുപ്രധാന പദ്ധതി 2024 സാമ്പത്തിക വർഷത്തിൽ ലക്ഷ്യമിടുന്നു’ എന്നാണ് പരാമർശം. ദേശീയ പാത 66നൊപ്പം തന്നെ പ്രാധാന്യം ആനക്കാംപൊയിൽ – മേപ്പാടി റോഡിനും നൽകുന്നുവെന്നതാണ് ഏറെ പ്രതീക്ഷ നൽകുന്നത്. തുടക്കത്തിൽ മന്ദഗതിയിൽ ആയിരുന്നെങ്കിലും പദ്ധതി അടുത്ത കാലത്ത് ഏറെ മുന്നോട്ടു പോയി. 1643.33 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന അനക്കാംപൊയിൽ –കള്ളാടി – മേപ്പാടി ഇരട്ട തുരങ്ക പാത നിർമാണത്തിനായി കൊങ്കൺ റെയിൽവേ ടെൻഡർ ക്ഷണിച്ചിരുന്നു. തുടർ നടപടികൾക്കും വേഗം നൽകുമെന്നാണ് ബജറ്റ് നയപ്രഖ്യാപനത്തിലെ സൂചന.
കുരുക്കഴിയാതെ ചുരം
ബുധനാഴ്ച രാവിലെ എട്ട് മണിയോടെ ആറാം വളവിൽ കെഎസ്ആർടിസി ബസ് കുടുങ്ങിയതിനെത്തുടർന്നുണ്ടായ ഗതാഗതക്കുരുക്ക് അവസാനിച്ചത് വൈകിട്ട് മൂന്നു മണിയോടെയാണ്. താമരശേരിയിൽ നിന്ന് മെക്കാനിക്ക് എത്തി ബസ് നന്നാക്കിയപ്പോഴേക്കും 12 മണിയായി. ആഴ്ചയിൽ ചുരുങ്ങിയത് നാല് ദിവസവും ചുരത്തിൽ ഗതാഗതക്കുരുക്ക് ഉണ്ടാകാറുണ്ട്. ദേശീയ പാത 766ന്റെ ഭാഗമാണ് താമരശേരി ചുരം. കേരളത്തിൽ തന്നെ ഇത്രയേെറ ഗതാഗതക്കുരുക്ക് ഉണ്ടാകുന്ന മറ്റൊരു ദേശീയപാതയുമുണ്ടാകില്ല. മലബാറിലെ ആളുകൾ മൈസൂരു, ബെംഗളൂരു എന്നിവിടങ്ങളിലേക്ക് പോകുന്നത് താമരശേരി ചുരം വഴിയാണ്. ദിവസവും ഏകദേശം മുപ്പതിനായിരത്തോളം വാഹനങ്ങൾ ചുരം കടന്നു പോകാറുണ്ട്. എന്നാൽ ഇത്രയും വാഹനങ്ങളെ ഉൾക്കൊള്ളാൻ മാത്രം ശേഷിയുള്ളതല്ല ചുരം റോഡ്. അതിനാൽ തന്നെ ബദൽപാത അത്യാവശ്യമാണെന്ന് രണ്ട് പതിറ്റാണ്ടു മുൻപ് തന്നെ ആവശ്യം ഉയർന്നതാണ്.
നൂറു ദിന പദ്ധതിയിലെ തുരങ്കപാത
2020 സെപ്റ്റംബറില്‍, 100 ദിന കര്‍മപദ്ധതിയില്‍ ഉള്‍പ്പെടുത്തി ആനക്കാംപൊയിൽ കള്ളാടി –തുരങ്കപാത ഉടന്‍ നിര്‍മാണം ആരംഭിക്കുമെന്നു പ്രഖ്യാപിച്ചു. അതോടെയാണ് തുരങ്ക പാത നിർമാണത്തിന് ചൂടുപിടിച്ചത്. തുടർന്ന് കൊങ്കൺ റെയിൽവെയുടെ നേതൃത്വത്തിൽ പഠനം നടത്തി സർവെ പൂർത്തിയാക്കി ടെൻഡർ ക്ഷണിച്ചു. ഫെബ്രുവരി 23 ആണ് ടെൻഡർ സമർപ്പിക്കാനുള്ള അവസാന തിയതി. 2024 മാർച്ചോടെ നിർമാണ കമ്പനിയെ കണ്ടെത്തി പദ്ധതി ഏൽപിക്കാനാണ് കൊങ്കൺ റെയിൽവേ ശ്രമിക്കുന്നത്. നാലു വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.