താമരശ്ശേരിയില്‍ പൊലീസ് പിടികൂടിയ യുവാവ് വിഴുങ്ങിയത് എം.ഡി.എം.എ തന്നെ

news image
Mar 22, 2025, 3:52 am GMT+0000 payyolionline.in

കോഴിക്കോട്: താമരശ്ശേരിയില്‍ പൊലീസ് പിടികൂടിയ യുവാവ് വിഴുങ്ങിയത് എം.ഡി.എം.എ തന്നെ. താമരശ്ശേരി അരയത്തും ചാലില്‍ സ്വദേശി ഫായിസിനെയാണ് പൊലീസ് പിടികൂടിയത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് എം.ഡി.എം.എയാണെന്ന് ബോധ്യപ്പെട്ടത്.

വീട്ടില്‍ ബഹളം വച്ചതിനെ തുടർന്ന് നാട്ടുകാർ അറിയിച്ചതോടെയാണ് പൊലീസ് എത്തി ഇയാളെ കസ്റ്റഡിയിൽ എടുത്തത്. ഈസമയം ഇയാള്‍ കൈയിലുണ്ടായിരുന്ന എം.ഡി.എം.എ വിഴുങ്ങിയതായി സംശയമുണ്ടായിരുന്നു. താമരശ്ശേരി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയ ഫായിസിനെ പ്രാഥമിക പരിശോധനക്കുശേഷമാണ് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.

അടുത്തിടെ താമരശ്ശേരിയിൽ തന്നെ മറ്റൊരു യുവാവ് പൊലീസിനെക്കണ്ട് എം.ഡി.എം.എ വിഴുങ്ങിയതിനെ തുടർന്ന് മരിച്ചിരുന്നു. കോടഞ്ചേരി മൈക്കാവ് കരിമ്പാലക്കുന്ന് അമ്പായത്തോട് ഇയ്യാടന്‍ ഹൗസില്‍ എ.എസ്. ഷാനിദ് (28) ആണ് മരിച്ചത്. ഫായിസും ഷാനിദും സുഹൃത്തുക്കളാണെന്ന് പറയപ്പെടുന്നു. എം.ഡി.എം.എ കൈയിൽ ഉണ്ടായിരുന്നെന്നും അത് വിഴുങ്ങിയെന്നും ഇയാൾ പൊലീസിന് മൊഴി നൽകിയതോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെളുത്ത തരികൾക്കൊപ്പം രണ്ട് കവറുകളാണ് എൻഡോസ്കോപ്പി പരിശോധനയിൽ കണ്ടെത്തിയത്. തുടർന്ന്, സ്കാനിങ്ങിലൂടെയാണ് എം.ഡി.എം.എ തന്നെയാണ് വിഴുങ്ങിയതെന്ന് കണ്ടെത്തിയത്.

അതേസമയം, താമരശ്ശേരിയിലെ എം.ഡി.എം.എ വിൽപന സംഘത്തിലെ പ്രധാനിയെ പൊലീസ് അറസ്റ്റ് ചെയ്തു. താമരശ്ശേരി സ്വദേശി മിർഷാദിനെയാണ് കോവൂർ-ഇരിങ്ങാടൻപള്ളി റോഡിൽവെച്ച് 58 ഗ്രാം എം.ഡി.എം.എയുമായി എക്സൈസ് സംഘം പിടികൂടിയത്. നേരത്തെ എം.ഡി.എം.എ വിഴുങ്ങി മരിച്ച ഷാനിദിന്റെ സുഹൃത്താണ് ഇയാളെന്ന് എക്സൈസ് സംഘം അറിയിച്ചു. മിർഷാദ് നൽകിയ എം.ഡി.എം.എ വിഴുങ്ങിയാണ് ഷാനിദ് മരിച്ചതെന്ന് സൂചനയുണ്ട്. ഇതുസംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

കോഴിക്കോട് ജില്ലയിൽ നൈറ്റ് ലൈഫിന്റെ പ്രധാനകേന്ദ്രങ്ങളിലൊന്നായി മാറിയ കോവൂർ-ഇരിങ്ങാടൻപള്ളി റോഡ് കേന്ദ്രീകരിച്ച് പൊലീസ് പരിശോധന ശക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഒരാൾ എം.ഡി.എം.എയുമായി പിടിയിലാവുന്നത്. ഫുഡ് ഹബായി പേരുകേട്ട ഇവിടെ നഗരത്തിലെ വിദ്യാർഥികളും യുവാക്കളുമൊക്കെയാണ് രാത്രിയിൽ പ്രധാനമായി തമ്പടിക്കുന്നത്.

പുലർച്ചെ വരെ ഇവിടെ യുവജനങ്ങൾ സജീവമാണ്. കുറഞ്ഞ കാലത്തിനിടെ, കൂണുപോലെയാണ് ഈ ഒന്നര കിലോമീറ്റർ ദൂരത്തിൽ നിരവധി ഭക്ഷണ സ്ഥാപനങ്ങൾ ഉയർന്നുവന്നത്. ഫുഡ് ഹബിന്റെ മറവിൽ ഇവിടം ലഹരി ഹബാവുന്നുവെന്നും അധികൃതർ കർശന നടപടി സ്വീകരിക്കണമെന്നുമുള്ള ആവശ്യവുമായി പ്രദേശവാസികൾ രംഗത്തുവന്നിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe