താമരശ്ശേരിയിൽ പനി ബാധിച്ച് 9 വയസുകാരിയുടെ മരണം; ‘ചികിത്സ ലഭിച്ചില്ല, കഴിഞ്ഞ ദിവസം വരെ ആരോഗ്യപ്രശ്നങ്ങളില്ലായിരുന്നു’, ആരോപണവുമായി കുടുംബം

news image
Aug 15, 2025, 8:45 am GMT+0000 payyolionline.in

കോഴിക്കോട്: താമരശ്ശേരിയിൽ പനി ബാധിച്ച് ഒമ്പതു വയസുകാരി മരിച്ച സംഭവത്തിൽ താമരശ്ശേരി താലൂക്ക് ആശുപത്രിക്കെതിരെ കുടുംബം. കുട്ടിക്ക് കഴിഞ്ഞ ദിവസം വരേ ആരോഗ്യ പ്രശ്നങ്ങൾ ഇല്ലായിരുന്നെന്ന് കുട്ടിയുടെ അച്ഛൻ സനൂപ് പറഞ്ഞു. ബുധനാഴ്ച രാത്രി ചെറിയ പനി തുടങ്ങിയെന്നും ഇന്നലെ രാവിലെ താമരശ്ശേരി ആശുപത്രിയിൽ കാണിച്ചിരുന്നുവെന്നും സനൂപ് പറഞ്ഞു. പിന്നീട് കുട്ടിയുടെ ആരോഗ്യ അവസ്ഥ പിറകെ മോശമാകുകയായിരുന്നു. വൈകുന്നേരത്തോടെയാണ് കുട്ടി മരിച്ചത്. പനി വരുന്നതിന് മുമ്പ് കുട്ടിക്ക് യാതൊരുവിധ പ്രശ്നവും ഉണ്ടായിരുന്നില്ലെന്നും സനൂപ് പറഞ്ഞു. ആശുപത്രിയിൽ മതിയായ ചികിത്സ ലഭിച്ചില്ലെന്നാണ് കുടുംബത്തിന്‍റെ ആരോപണം. അതേസമയം, കോഴിക്കോട് താമരശ്ശേരിയിൽ നാലാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടി പനി ബാധിച്ച് മരിച്ചതിനെ തുടർന്ന് ആരോഗ്യവകുപ്പ് പ്രദേശത്ത് പനി സർവേ തുടങ്ങി. കുട്ടിയുടെ രണ്ട് സഹോദരങ്ങളും ഒരു സഹപാഠിയും പനി ബാധിച്ച് ആശുപത്രിയിലാണ്. കുട്ടിയുടെ സ്രവസാംപിളുകള്‍ കൂടുതല്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. താമരശ്ശേരി കോരങ്ങാട് എൽപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി കോരങ്ങാട് ആനപ്പാറ പൊയിൽ സനൂപിന്‍റെ മകൾ അനയ (9) ആണ് ഇന്നലെ വൈകിട്ട് മരിച്ചത്. പനിയും ചർദ്ദിയും മൂലം ഇന്നലെ രാവിലെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച അനയയെ ആരോഗ്യം നില വഷളായതിനെ തുടർന്ന് ഉച്ചതിരിഞ്ഞ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്തെങ്കിലും ആശുപത്രിയിൽ എത്തും മുൻപ് മരണം സംഭവിച്ചു. മരണകാരണം അറിയാനായി മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യുന്നുണ്ട്.എന്നാൽ, പനി ഛർദി ലക്ഷണങ്ങളുടെ എത്തുന്ന കുട്ടികൾക്ക് നൽകുന്ന ചികിത്സ അനയയ്ക്കും നൽകിയിരുന്നതായി ആശുപത്രി സൂപ്രണ്ട് അറിയിച്ചത്. ആശുപത്രിയിൽ വച്ച് രക്ത പരിശോധന ഉൾപ്പെടെ നടത്തിയിരുന്നു. രക്തത്തിൽ കൗണ്ട് അൽപം ഉയർന്ന നിലയിൽ ആയതിനാലും ആരോഗ്യനില വഷളായതിനാലും മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയായിരുന്നുവെന്നും സൂപ്രണ്ട് അറിയിച്ചു. അനയയുടെ ശരീരം സ്രവം കൂടുതൽ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. പെൺകുട്ടിയുടെ രണ്ട് സഹോദരങ്ങളും ഒരു സഹപാഠിയും പനി ബാധിച്ച കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് അതേസമയം, പെൺകുട്ടിയുടെ വീട് ഉൾപ്പെടുന്ന താമരശ്ശേരി പഞ്ചായത്തിലെ മൂന്നാം വാർഡിൽ ആരോഗ്യ വകുപ്പ് പനി സർവേ നടത്തുന്നുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe