താമരശ്ശേരി ഫ്രഷ് കട്ട്‌ മാലിന്യ സംസ്കരണ കേന്ദ്രത്തിനെതിരായ സമരം; ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് വ്യാപാരികള്‍, രാവിലെ 9.30 മുതല്‍ 12 വരെ കടകൾ അടച്ചിട്ടു

news image
Oct 29, 2025, 10:06 am GMT+0000 payyolionline.in

താമരശ്ശേരി ഫ്രഷ് കട്ട് സമരമസമിതിക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് വ്യാപാരികള്‍ താമരശ്ശേരിയില്‍ കടകള്‍ അടച്ചിട്ടു. രാവിലെ 9.30 മുതല്‍ 12 വരെയായിരുന്നു കടയടപ്പ്. അറസ്റ്റ് ഭയന്ന് പുരുഷന്‍മാര്‍ വീട് വിട്ട് മാറി നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് ഭക്ഷ്യക്കിറ്റുകള്‍ നല്‍കാനും വ്യാപാരികള്‍ തീരുമാനിച്ചിരുന്നു. ഫാക്ടറിയുടെ അടുത്തുള്ള പ്രദേശങ്ങളിലെ കേസുകളില്‍ ഉള്‍പ്പെട്ട നിരവധിപേരാണ് അറസ്റ്റ് ഭയന്ന് ഒളിവില്‍ക്കഴിയുന്നത്. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് താമരശ്ശേരിയില്‍ ജനകീയസദസും നടന്നു. ജനകീയ സദസ് എംഎന്‍ കാരശ്ശേരി ഉദ്ഘാടനം ചെയ്തു. അക്രമം നടത്തിയ യഥാര്‍ത്ഥ ക്രിമിനലുകളെ പിടിക്കാതെ പ്രദേശത്ത് നരനായാട്ട് നടത്തുകയും ജനകീയ സമരത്തെ ചവിട്ടിമെതിക്കാനുമാണ് പൊലീസ് ശ്രമമെന്ന് എംഎന്‍ കാരശ്ശേരി പറഞ്ഞു.

 

താമരശ്ശേരി ഫ്രഷ് കട്ട്‌ മാലിന്യ സംസ്കരണ കേന്ദ്രത്തിനെതിരായ സമരത്തിലെ ആക്രമണത്തിലും തീവെപ്പിലും അട്ടിമറി നടന്നു എന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് സമര സമിതി. കേസിൽ അറസ്റ്റിലായ മഞ്ചേരി സ്വദേശി സൈഫുള്ളയെ അറിയില്ലെന്നും ഇയാൾ എന്തിനാണ് എത്തിയതെന്ന് അന്വേഷിക്കണമെന്നും സമര സമിതി ആവശ്യപ്പെട്ടു. പ്രദേശം സന്ദർശിച്ച യുഡിഎഫ് പ്രതിനിധി സംഘം സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു. ജനകീയ സമരത്തെ തുടർന്നും പിന്തുണക്കുമെന്നും യുഡിഎഫ് സംഘം വ്യക്തമാക്കി. സമരവുമായി ബന്ധപ്പെട്ട് വാവാട് സ്വദേശി ഷഫീഖിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ കേസിൽ അറസ്റ്റിലായവുടെ എണ്ണം ആറായി.

മഞ്ചേരി പുൽപറ്റ സ്വദേശി സൈഫുള്ളയാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. പ്രതിഷേധ സമരം നടന്ന് സ്ഥലത്ത് ഉണ്ടായിരുന്ന ഇയാൾ, പൊലീസിനെ അക്രമിച്ചെന്നാണ് കേസ്. പ്രദേശ വാസികളാണ് സമരം നടത്തിയതെന്നും സൈഫുള്ളയെ അറിയില്ലെന്നുമാണ് സമര സമിതി ചെയര്‍മാൻ ബാബു കുടുക്കിൽ വ്യക്തമാക്കുന്നത്. പ്രദേശം സന്ദർശിച്ച യുഡിഎഫ് പ്രതിനിധി സംഘം സമരത്തെ തുടർന്നും പിന്തുണക്കുമെന്ന് വ്യക്തമാക്കി. പൊലീസും ഫ്രഷ് കട്ട് ഉടമകളും സിപിഎമ്മും ചേർന്ന് സമരത്തെ അട്ടിമറിച്ചെന്നും അതാണ് ആക്രമണത്തിന് കാരണമെന്നും കോഴിക്കോട് ഡിസിസി പ്രസിഡന്‍റ് പ്രവീണ്‍കുമാറും മുസ്ലിം ലീഗ് നേതാവ് എംഎ റസാഖ് മാസ്റ്ററും പറഞ്ഞു. സംഭവത്തിൽ ജില്ലാ കളക്ടർ വിളിച്ച സർവ കക്ഷി യോഗം ബുധനാഴ്ച ചേരും. അതിന് മുമ്പ് ശുചിത്വ മിഷനും മലിനീകരണ നിയന്ത്രണ ബോര്‍ഡും റിപ്പോർട്ട് നൽകും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe