താമരശ്ശേരി ഷഹബാസ് വധം: വിദ്യാർഥികളുടെ ജാമ്യാപേക്ഷ ഹൈകോടതി തള്ളി

news image
Apr 25, 2025, 6:32 am GMT+0000 payyolionline.in

കൊച്ചി: 10ാം ക്ലാസ് വിദ്യാർഥിയായിരുന്ന താമരശ്ശേരി സ്വദേശി ഷഹബാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കുറ്റാരോപിതരായ ആറ് വിദ്യാർഥികളുടെ ജാമ്യഹരജി ഹൈകോടതി തള്ളി. ജാമ്യം നൽകിയാൽ വിദ്യാർഥികൾക്ക് സുരക്ഷാഭീഷണിയുണ്ടാകുമെന്ന് ചൂണ്ടിക്കാണിച്ചാണ് ഹൈകോടതി ഹരജി തള്ളിയത്. ജാമ്യം എല്ലാ ഘട്ടത്തിലും അവകാശമല്ലെന്നും ജാമ്യം നൽകിയാൽ ക്രമസമാധാന പ്രശ്നമുണ്ടാകുമെന്നും ഹൈകോടതി നിരീക്ഷിച്ചു. മാത്രമല്ല, കുട്ടികളുടെ ജീവന് ഭീഷണിയുണ്ടാകുമെന്നും ഹൈകോടതി ചൂണ്ടിക്കാട്ടി.

ജാമ്യാപേക്ഷ കോഴിക്കോട് സെഷൻസ് കോടതി തള്ളിയ സാഹചര്യത്തിലാണ് ആറു കുട്ടികളും ഹൈകോടതിയെ സമീപിച്ചത്. ആറുപേരും കോഴിക്കോട് ജുവനൈൽ ഹോമിലാണുള്ളത്. കൊലപാതകത്തിൽ കൂടുതൽ വിദ്യാർഥികൾക്ക് പങ്കില്ലെന്ന് ഷഹബാസിന്റെ പിതാവ് ഇക്ബാൽ പറഞ്ഞിരുന്നു.

താമരശ്ശേരിയിലെ വിദ്യാർഥി സംഘർഷത്തിലാണ് 10ാം ക്ലാസ് വിദ്യാർഥിയായിരുന്ന ഷഹബാസ് കൊല്ലപ്പെട്ടത്. നഞ്ചക്ക് ഉപയോഗിച്ചുള്ള മർദനത്തിൽ ഷഹബാസിന്റെ വലതു ചെവിയുടെ മുകൾഭാഗത്തെ തലയോട്ടി പൊട്ടിയിരുന്നു. ആന്തരിക രക്തസ്രാവമായിരുന്നു ഷഹബാസിന്റെ മരണത്തിലേക്ക് നയിച്ചത്. സംഘർഷത്തിന് ശേഷം വീട്ടിലെത്തിയ ഷഹബാസ് രാത്രി ഛർദിക്കുകയും അബോധാവസ്ഥയിലാവുകയുമായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയവെ മാർച്ച് ഒന്നിന് ഷഹബാസ് മരണപ്പെടുകയും ചെയ്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe