തിക്കോടി: കായിക പ്രേമികൾക്ക് ആവേശമായി തിക്കോടി പഞ്ചായത്തിൽ പുതിയ ഫ്ളഡ്ലിറ്റ് സ്റ്റേഡിയം നിർമിക്കുമെന്ന് കായിക വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ് അറിയിച്ചു. സ്റ്റേഡിയം നിർമിക്കാനുദ്ദേശിക്കുന്ന കോടിക്കൽ പ്രദേശം നേരിട്ട് സന്ദർശിച്ച ശേഷമായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം.
സംസ്ഥാനത്ത് യു.ഡി.എഫ്. സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം അനുവദിക്കുന്ന ആദ്യ സ്റ്റേഡിയമായി തിക്കോടിയിലേത് മാറുമെന്ന് മന്ത്രി പറഞ്ഞു. സ്റ്റേഡിയം നിർമാണത്തോടൊപ്പം തന്നെ പ്രദേശത്തെ കായികരംഗത്ത് നടപ്പാക്കാൻ കഴിയുന്ന മറ്റ് അനുബന്ധ പദ്ധതികളുടെ സാധ്യതകളും സർക്കാർ വിശദമായി പരിശോധിക്കും. കോടിക്കൽ പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കണക്കിലെടുത്ത് ഇവിടുത്തെ ടൂറിസം സാധ്യതകളും പ്രശസ്തമായ ബീച്ച് ഡ്രൈവ് വികസനവും പദ്ധതിയുടെ ഭാഗമായി പരിഗണിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മന്ത്രിയുടെ സന്ദർശന വേളയിൽ അഡ്വ. കെ. പ്രവീൺ കുമാർ എം.എ.എൽ, മറ്റു ജനപ്രതിനിധികൾ, നാട്ടുകാർ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു. തിക്കോടിയിലെ സന്ദർശനത്തിന് ശേഷം പയ്യോളി നഗരസഭയുടെ കീഴിലുള്ള ചരിത്രപ്രസിദ്ധമായ കുഞ്ഞാലി മരക്കാർ മ്യൂസിയവും മന്ത്രി സന്ദർശിച്ചു.
