തിക്കോടി : റെയിൽവേ ലെവൽക്രോസ് സ്ഥിരമായി അടയ്ക്കുമ്പോൾ ഉണ്ടാകുന്ന യാത്രാപ്രശ്നം പരിഹരിക്കുന്നതിനായി കോഴിക്കോട് വെസ്റ്റ്‌ഹിൽ സീനിയർ സെക്‌ഷൻ വർക്സ് എൻജിനിയർ ആബിദ് പെരേരയുമായി തിക്കോടി ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി ചർച്ചനടത്തി. റെയിൽവേ ലെവൽ ക്രോസ് അടച്ചതിനെത്തുടർന്ന് തിക്കോടിയിൽ നിലനിൽക്കുന്ന ആശങ്കകൾ പരിഹരിക്കുന്നതിന് തിക്കോടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഒ.കെ. ഫൈസൽ, ബ്ലോക്ക് മെമ്പർ പി.പി. കുഞ്ഞമ്മദ്, വാർഡ് മെമ്പർ ഷഫ്‌ന ഷാനവാസ് എന്നിവരുടെ നേതൃത്വത്തിലാണ് റെയിൽവേ അധികൃതരുമായി ചർച്ചനടത്തിയത്.
നിർമാണത്തിലിരിക്കുന്ന അടിപ്പാത ജനുവരി 31-നു മുൻപ് തുറന്നുകൊടുക്കാൻ ചർച്ചയിൽ തീരമാനിച്ചു. മഴക്കാലത്ത് അടിപ്പാതയിൽ വെള്ളംകയറുന്നത് തടയാൻ പ്രത്യേക ഭിത്തിയും ശാസ്ത്രീയമായ ഡ്രെയിനേജ് സംവിധാനവും ഏർപ്പെടുത്തും. അപ്രോച്ച്റോഡ് പൂർണമായും റൂഫ് ചെയ്ത് സംരക്ഷിക്കാനും തീരുമാനമായി. ഭാവിയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ നിലവിലുള്ളതിന് 15 മീറ്റർ മാറി പുതിയൊരു അടിപ്പാതകൂടി നിർമിക്കാനുള്ള പ്രൊപ്പോസൽ റെയിൽവേക്ക് സമർപ്പിക്കും. നിർമാണത്തിന് തടസ്സമായി നിൽക്കുന്ന വൈദ്യുതപോസ്റ്റുകൾ പഞ്ചായത്തിന്റെ ആവശ്യപ്രകാരം ഉടനെത്തന്നെ മാറ്റിസ്ഥാപിക്കാനും തീരുമാനമായി.
