പയ്യോളി : തിക്കോടിയൻ സ്മാരക ജി.വി.എച്ച്.എസ്.എസ് മുൻ അധ്യാപകൻ ശ്രീ. ദിവാകരൻ തെക്കയിലിന് ചങ്ങമ്പുഴ ബാലസാഹിത്യ പുരസ്കാരം. ചങ്ങമ്പുഴ കൃഷ്ണപ്പിള്ളയുടെ ചരമവാർഷിക ദിനമായ ജൂൺ 17-ന് തൃശ്ശൂർ കേരള സാഹിത്യ അക്കാദമിയിലെ ചങ്ങമ്പുഴ മന്ദിരത്തിൽ വെച്ച് നടന്ന ചടങ്ങിലാണ് അവാർഡ് സമർപ്പിച്ചത്. ദിവാകരൻ തെക്കയിലിന്റെ ‘പവിഴച്ചെപ്പ്’ എന്ന ബാലസാഹിത്യ കൃതിക്കാണ് പുരസ്കാരം ലഭിച്ചത്. ചങ്ങമ്പുഴയുടെ പേരമകനും എം.ജി യൂണിവേഴ്സിറ്റി പ്രൊഫസറുമായ ഡോ. ഹരികുമാർ ചങ്ങമ്പുഴ പുരസ്കാരം കൈമാറി ആദരിച്ചു.
സംസ്കാര സാഹിതി സംസ്ഥാന സെക്രട്ടറി ശ്രീ. സുനിൽ മടപ്പള്ളി അധ്യക്ഷത വഹിച്ച യോഗത്തിൽ എഴുത്തുകാരനും പത്രപ്രവർത്തകനുമായ ശ്രീ. എം.പി. സുരേന്ദ്രൻ ചങ്ങമ്പുഴ അനുസ്മരണ പ്രഭാഷണം നടത്തി. ചടങ്ങിൽ ഡോ. ഹരികുമാർ ചങ്ങമ്പുഴ, ശ്രീ. എം.എസ്. ബാലകൃഷ്ണൻ, ശ്രീ. അനിൽ സമ്രാട്ട്, ശ്രീമതി മണിമേഖല, ശ്രീമതി ഗീത മേലേഴത്ത്, ശ്രീ. ഇ.ആർ. ഉണ്ണി എന്നിവർ സംസാരിച്ചു.
