തിരുവനന്തപുരം കഴിഞ്ഞ കുറച്ചുനാളുകളായി സിനിമാപ്രേമികളുടെ കേന്ദ്രമായി മാറിയിരിക്കുകയാണ്. എങ്ങും അവരാണ്. സിനിമകൾ കാണാനായി പരക്കം പായുന്ന അവർക്ക് കൂട്ടിനു ഇതാ ആനവണ്ടിയും ഉണ്ട് ഇത്തവണ. സിനിമ കാണാനായി തിയറ്ററിൽ നിന്നും തിയറ്ററിലേക്ക് പരക്കം പായുമ്പോൾ ഉണ്ടാവുമായിരുന്ന ബുദ്ധിമുട്ട് ഇത്തവണത്തെ ചലച്ചിത്ര മേളയ്ക്കെത്തുന്നവർക്ക് ഉണ്ടാവില്ല. കാരണം ഡെലിഗേറ്റുകൾക്ക് സുഖയാത്രയൊരുക്കി കെഎസ്ആർടിസി അവർക്കൊപ്പമുണ്ട്. ദിവസവും ഏഴ് ട്രിപ്പുകളുള്ള പ്രത്യേക സൗജന്യ സർവീസുകളാണ് കെഎസ്ആർടിസി ഏർപ്പടുത്തിയത്.
ടാഗോർ തിയറ്റർ പരിസരത്തു നിന്നും തുടങ്ങുന്ന ട്രിപ്പ് വിവിധ വേദിയിലൂടെ കിഴക്കേകോട്ടയിലെ ശ്രീ പത്മനാഭയിൽ അവസാനിക്കും. എല്ലാ തിയറ്ററുകളിൽ നിന്നും ഈ സൗകര്യം ഉപയോഗിക്കാവുന്ന രീതിയിലാണ് ട്രിപ്പുകൾ ക്രമീകരിച്ചിട്ടുള്ളത്. സിനിമ പ്രദർശനത്തിൻ്റെ സമയത്തിന് അനുസരിച്ചാണ് ബസ് സർവീസ് നടത്തുക. തിരുവനന്തപുരം സിറ്റി ഡിപ്പോയിൽ നിന്നുള്ള രണ്ട് ഇലക്ട്രിക് ബസുകളാണ് മേളയ്ക്കായി പ്രത്യേകം ക്രമീകരിച്ചിരിക്കുന്നത്. രാവിലെ 7.30 മുതൽ രാത്രി 9.30 വരെയാണ് സർവീസ്.
