‘തിരക്കിൽ അച്ഛനെ നഷ്ടമായ കുഞ്ഞ് അയ്യപ്പന്റെ കരച്ചിൽ’… ശബരിമലയ്ക്കെതിരായ വ്യാജപ്രചരണത്തിലെ സത്യം പുറത്ത്

news image
Dec 13, 2023, 5:40 am GMT+0000 payyolionline.in
പത്തനംതിട്ട: ശബരിമലയ്ക്കും പിണറായി സർക്കാരിനുമെതിരെ വ്യാജ പ്രചരണങ്ങൾ നടത്താൻ കുട്ടികളെപോലും ആയുധമാക്കി വലതുപക്ഷ മാധ്യമങ്ങളും സംഘപരിവാർ പ്രൊഫൈലുകളും. കഴിഞ്ഞ ദിവസം ശബരിമലയിൽ അച്ഛനെ കാണാതെ കുട്ടി കരയുന്നതെന്ന പേരിൽ വീഡിയോ വ്യാപകമായി പ്രചരിച്ച വീഡിയോയും ഇത്തരത്തിലുള്ളതാണ്.  ശബരിമലയിലെ തിരക്ക് കാരണം ബസിൽ കുട്ടിക്ക് അച്ഛനെ നഷ്ടപ്പെട്ടെന്നും അച്ഛനെ കണ്ടെത്തണമെന്ന് കുട്ടി കരഞ്ഞുകൊണ്ട്  പൊലീസിനോട് അപേക്ഷിക്കുന്നു എന്നതരത്തിലാണ്  മാധ്യമങ്ങൾ വാർത്ത നൽകിയത്.

തിരക്ക് നിയന്ത്രിക്കാൻ പൊലീസിനും ഭരണകൂടത്തിനും കഴിയാത്തതിനാലാണ് കുട്ടി അയ്യപ്പന് ഇത്തരമൊരു ​ഗതിയുണ്ടായതെന്നും പിണറായി വിജയന്റെ ഭരണമാണ് ഈ അവസ്ഥയ്ക്ക് പിന്നിലെന്നും വരെ മാധ്യമങ്ങൾ വാർത്ത പടച്ചുവിട്ടു. മലയാളത്തിലെ മിക്ക മുഖ്യധാരാ മാധ്യമങ്ങളും ഇതേറ്റുപിടിച്ച് ശബരിമലയ്ക്കും സർക്കാരിനുമെതിരെ തുടരെ വാർത്തകൾ എഴുതി. മലയാള മാധ്യമങ്ങളിൽ വാർത്ത പുറത്തുവന്നതോടെ ഉത്തരേന്ത്യൻ സംഘപരിവാർ പ്രൊഫൈലുകൾ വാർത്ത ഏറ്റെടുത്ത് രംഗത്തുവന്നു. പിണറായി ഭരണത്തിൽ നാട് നശിക്കുന്നുവെന്ന തരത്തിൽ സോഷ്യൽ മീഡിയയിലും വ്യാജ പ്രചരണം ആരംഭിച്ചു.

എന്നാൽ വീഡിയോയുടെ പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തിയിരിക്കുകയാണ് ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈർ. കേവലം 27 സെക്കൻഡ് മാത്രമുള്ള വീഡിയോ ഉപയോ​ഗിച്ചാണ് മാധ്യമങ്ങൾ ഇത്തരത്തിൽ വാർത്തകൾ പടച്ചുവിട്ടതെന്നും ഇവയെല്ലാം വസ്തുതാ വിരുദ്ധമാണെന്നും മുഹമ്മദ് സുബൈർ ട്വിറ്ററിൽ കുറിച്ചു. ശബരിമലയിലെ തിരക്കിൽ കുട്ടി അച്ഛനിൽ നിന്നും അകന്നു എന്നായിരുന്നു മാധ്യമ ഭാഷ്യം. എന്നാൽ സത്യം അതല്ല എന്ന് വീഡിയോ വ്യക്തമാക്കുന്നുണ്ട്. കുട്ടിയെ ബസിൽ ഇരുത്തിയിട്ട് തൊട്ടടുത്തുള്ള കടയിലേക്കാണ് കുട്ടിയുടെ അച്ഛൻ പോകുന്നത്. ഇതിനിടയിൽ ബസ് മുന്നോട്ടെടുത്തപ്പോൾ പേടിച്ച കുട്ടി അച്ഛനെ വിളിച്ച് കരയുകയായിരുന്നു.

കുട്ടി കരയുന്നത് കണ്ട് ഓടിയെത്തിയ പൊലീസുകാരനോട് അച്ഛനെ കാണണമെന്നാണ് കുട്ടി പറയുന്നത്. പൊലീസ് ഉദ്യോ​ഗസ്ഥൻ കുട്ടിയെ ആശ്വസിപ്പിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. ഉടൻ തന്നെ കുട്ടിയുടെ അച്ഛൻ എത്തുകയും കുട്ടി കരച്ചിൽ നിർത്തുകയും ചെയ്യുന്നുണ്ട്. ഒടുവിൽ ബസ് എടുക്കുമ്പോൾ പൊലീസിന് നേരെ കൈവീശിക്കാണിച്ചിട്ടാണ് കുട്ടി പോകുന്നത്. ഇതിനെയാണ് ശബരിമലയിലെ തിരക്ക് കാരണം കുട്ടിക്ക് അച്ഛനെ നഷ്ടമായെന്നും ഉദ്യോ​ഗസ്ഥരുടെ അനാസ്ഥ കാരണം ജനങ്ങൾ വിഷമിക്കുകയാണെന്നുമൊക്കെ പൊടിപ്പും തൊങ്ങലും വെച്ച് മാധ്യമങ്ങൾ പ്രചരിപ്പിച്ചത്. വാർത്തകളുടെ വസ്തുത എന്തെന്ന് അന്വേഷിക്കാതെ സർക്കാരിനെതിരെ ആയുധമാക്കാൻ ശ്രമിക്കുകയാണ് മാധ്യമങ്ങളെന്ന് വ്യക്തമാകുകയാണ് ഇതുവഴി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe