തിരുവനന്തപുരം ചേതനയറ്റ് സഹപാഠികള്‍, വിതുമ്പി ക്രൈസ്റ്റ് കോളേജ്; സുഹൃത്തുകളെ യാത്രയാക്കാന്‍ നിറകണ്ണുകളോടെ സൂരജും

news image
Jan 27, 2024, 11:21 am GMT+0000 payyolionline.in
തിരുവനന്തപുരം: ചിരിച്ച മുഖവുമായി ഇനി അവര്‍ ആ കലാലയത്തിന്റെ പടി കടന്ന് ക്ലാസിലേക്ക് എത്തില്ലെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാന്‍ കഴിയാതെ വിഴിഞ്ഞം ക്രൈസ്റ്റ് കോളേജിലെ സഹപാഠികളും അധ്യാപകരും. കുളിക്കുന്നതിനിടയില്‍ കഴിഞ്ഞ ദിവസം വവ്വാമൂലയില്‍ കായലില്‍ മുങ്ങി മരിച്ച മൂന്ന് യുവാക്കളില്‍ രണ്ടുപേരുടെ മൃതദേഹമാണ് ഇവര്‍ പഠിച്ച കോളേജില്‍ പൊതുദര്‍ശനത്തിന് എത്തിച്ചത്. നിറകണ്ണുകളോടെയാണ് അധ്യാപകരും വിദ്യാര്‍ഥികളും തങ്ങളുടെ സുഹൃത്തുക്കളെ യാത്രയാക്കിയത്.

രണ്ടാം വര്‍ഷ ബിബിഎ വിദ്യാര്‍ഥികളായ വിഴിഞ്ഞം കടയ്ക്കുളം വാറുതട്ട് വിള വീട്ടില്‍ ലാസറിന്റെ മകന്‍ ലിബിനോ എല്‍ (20), മണക്കാട് കുര്യാത്തി എന്‍.എസ്.എസ് കരയോഗം 120ല്‍ സുരേഷ് കുമാറിന്റെ മകന്‍ മുകുന്ദന്‍ ഉണ്ണി(20) എന്നിവരുടെ മൃതദേഹങ്ങളാണ് ഇവര്‍ പഠിച്ച വിഴിഞ്ഞം ക്രൈസ്റ്റ് കോളേജില്‍ പുതുദര്‍ശനത്തിന് എത്തിച്ചത്. മൂന്നുപേരുടെയും മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിനു വയ്ക്കുന്നതിനായി സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു. എന്നാല്‍ വെട്ടുകാട് തൈവിളകം ഹൗസില്‍ ഫ്രാന്‍സിന്റെ മകന്‍ ഫെര്‍ഡിനാന്‍ ഫ്രാന്‍സി(19)സിന്റെ മൃതദേഹം മതാചാര പ്രകാരമുള്ള ചടങ്ങുകള്‍ ഉള്ളതിനാല്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം കോളേജിലേക്ക് കൊണ്ട് വരാതെ നേരെ വെട്ടുകാട് കൊണ്ട് പോവുകായിരുന്നു. അതിനാല്‍ ഫെര്‍ഡിനാന്റെ ചിത്രം പുഷ്പാര്‍ച്ചന നടത്തുന്നതിനായി കോളേജില്‍ വെച്ചിരുന്നു.

 

മുകുന്ദന്‍ ഉണ്ണിയുടെ മൃതദേഹമാണ് ആദ്യം കോളേജിലേക്ക് എത്തിച്ചത്. 20 മിനിറ്റോളം കോളേജില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷം മൃതദേഹം മണക്കാടുള്ള വീട്ടിലേക്ക് കൊണ്ടുപോയി. ഇതിന് തൊട്ടുപിന്നാലെ ലിബിനോയുടെ മൃതദേഹം കോളേജില്‍ എത്തിച്ചു. ഇരുവരുടെയും മൃതദേഹങ്ങളില്‍ സഹപാഠികളും അധ്യാപകരും  പുഷ്പാര്‍ച്ചന നടത്തി. മരിച്ച മൂന്നുപേര്‍ക്കും ഒപ്പം ഉണ്ടായിരുന്ന സൂരജും തന്റെ സുഹൃത്തുകളെ യാത്രയാക്കാന്‍ കോളേജില്‍ ഉണ്ടായിരുന്നു. കോവളം എംഎല്‍എ എം. വിന്‍സെന്റ്, വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാര്‍ എന്നിവരും മൃതദേഹങ്ങളില്‍ പുഷ്പാര്‍ച്ചന നടത്തി.

 

വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ വിഴിഞ്ഞം വവ്വാമൂലയില്‍ ആണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. സുഹൃത്തുക്കളില്‍ ഒരാള്‍ പുതിയ ബൈക്ക് വാങ്ങിയതിന്റെ സന്തോഷത്തിലാണ് നാലംഗ സംഘം അവധി ദിവസം വവ്വാമൂലയില്‍ എത്തിയതെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് മൂന്നുപേരും കായലില്‍ കുളിക്കാന്‍ ഇറങ്ങി. ഈ സമയം സൂരജ് കരയില്‍ നില്‍ക്കുകയായിരുന്നു. കുളിക്കുന്നതിനിടയില്‍ മൂന്നംഗ സംഘം കായലിലെ ചാലില്‍ അകപ്പെടുകയായിരുന്നു എന്നാണ് നിഗമനം. മൂവരും വെള്ളത്തില്‍ മുങ്ങിയത് കണ്ട് ഭയന്ന സൂരജ് ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സ് വാഹനം വരുന്നത് കണ്ടാണ് സമീപവാസികളും സ്ഥലത്തെത്തുന്നത്. വിഴിഞ്ഞത്തു നിന്ന് എത്തിയ ഫയര്‍ഫോഴ്‌സ് സംഘം ചെറിയ വള്ളത്തില്‍ നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തിരച്ചിലാണ് മൂവരുടേയും മൃതദേഹങ്ങള്‍ കണ്ടെടുത്തത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe