തിരുവനന്തപുരം നഗരത്തിൽ കനത്ത സുരക്ഷ; 1300 പൊലീസുകാർ, ബോംബ് സ്‌ക്വാഡ്, ഡ്രോൺ നിരീക്ഷണം

news image
Nov 3, 2023, 1:31 pm GMT+0000 payyolionline.in

തിരുവനന്തപുരം: കേരളീയത്തിന്റെ ഭാഗമായി നഗരത്തിൽ കനത്ത സുരക്ഷയൊരുക്കി സിറ്റി പൊലീസ്. 1300 പൊലീസുകാരെയും 300 എൻസിസി വോളന്റിയർമാരെയും ഉൾപ്പെടുത്തിയുള്ള സുരക്ഷാ പദ്ധതിയാണ് കമ്മിഷണറുടെ നേതൃത്വത്തിൽ തയാറാക്കിയിട്ടുള്ളത്. സുരക്ഷാ ക്രമീകരണങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ നാല് എസ്പി, 11 എസിപി, 25 ഇൻസ്പെക്ടർ, 135 എസ്ഐ, 905 സിവിൽ പൊലീസ് ഉദ്യോഗസ്ഥർ, 242 വനിതാ പൊലീസ് ഉദ്യോഗസ്ഥർ,  300 എൻസിസി വോളണ്ടിയർമാർ എന്നിവരടങ്ങുന്ന സംഘത്തെ നിയോഗിച്ചു.

ബോംബ് ഡിറ്റക്‌ഷൻ സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും എല്ലാ വേദികളിലും ഇടവിട്ട് പരിശോധന നടത്തുന്നുണ്ട്. മഫ്തി പൊലീസ് ഉദ്യോഗസ്ഥരോടൊപ്പം ഷാഡോ പൊലീസിന്റെ സേവനവും എല്ലാ വേദികളിലും ഉറപ്പു വരുത്തിയിട്ടുണ്ട്. സുരക്ഷ ഉറപ്പാക്കാൻ സിറ്റി പൊലീസിന്റെ നാല് ഡ്രോണുകൾ നിരീക്ഷണം നടത്തുന്നുണ്ട്. കവടിയാർ മുതൽ കിഴക്കേക്കോട്ട വരെയുള്ള പ്രധാന വേദികളിലും മറ്റു വേദികളിലും പൊലീസിന്റെയും സ്മാർട്ട് സിറ്റിയുടെയും സ്ഥിരം ക്യാമറകളും 270 താൽക്കാലിക സിസി ടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.

താൽക്കാലിക ക്യാമറ  ദൃശ്യങ്ങൾ കനകക്കുന്നിലും പുത്തരിക്കണ്ടത്തുമുള്ള പൊലീസ് കൺട്രോൾ റൂമിൽ ഇരുന്ന് തത്സമയം കാണാം. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കവടിയാർ മുതൽ കിഴക്കേക്കോട്ട വരെയുള്ള പ്രധാന വീഥിയുമായി ചേരുന്ന എല്ലാ റോഡുകളിലും   പട്രോളിങ് ഉണ്ട്. എല്ലാ പ്രധാന വേദികളിലും പൊലീസ് എയ്ഡ് പോസ്റ്റും കനകക്കുന്ന്, പുത്തരിക്കണ്ടം എന്നിവിടങ്ങളിൽ രണ്ട് സ്പെഷൽ  കൺട്രോൾ റൂമുകളും സജ്ജീകരിച്ചിട്ടുണ്ട്. കേരളീയത്തിലെ സന്ദർശകർക്കു സൗജന്യയാത്രയ്ക്കായി ഒരുക്കിയിരിക്കുന്ന 20 കെഎസ്ആർടിസി സ്വിഫ്റ്റ് ഇലക്ട്രിക് ബസുകളിൽ വനിതാ പൊലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടെ നിയോഗിച്ചിട്ടുണ്ട്. പൊതുജനങ്ങൾക്ക് ആവശ്യമായ സുരക്ഷാ നിർദേശങ്ങൾ നൽകുന്നതിന് കിഴക്കേക്കോട്ട മുതൽ കവടിയാർ വരെയും കനകക്കുന്നിലും പബ്ലിക് അഡ്രസ് സിസ്റ്റവും സജ്ജമാക്കിയിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe