തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വൃക്ക മാറ്റിവച്ച രോഗി മരിച്ച സംഭവത്തിൽ ഡോക്ടർമാരുടെ ഭാഗത്ത് ചികിത്സാ പിഴവ് സംഭവിച്ചിട്ടില്ലെന്ന് മെഡിക്കൽ എത്തിക്സ് കമ്മിറ്റി. ഡോക്ടർമാർക്ക് ക്ലീൻ ചിറ്റ് നൽകുമ്പോഴും, വൃക്ക എത്തിച്ചപ്പോള്‍ ഏറ്റുവാങ്ങാൻ ആശുപത്രി അധികൃർ ഉണ്ടായിരുന്നില്ലെന്ന ആക്ഷേപം കമ്മിറ്റി പരിഗണിച്ചിട്ടില്ല. വൃക്ക സ്വീകരിക്കാൻ ഡോക്ടർമാരില്ലാത്തതിനാൽ ആംബുലൻസ് ഡ്രൈവർമാർ വൃക്കയുമായി ഓടിയത് വലിയ വിവാദമായിരുന്നു.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ മസ്തിഷ്ക മരണം സംഭവിച്ചയാളുടെ വൃക്ക തിരുവനന്തപുത്ത് ചികിത്സയിൽ കഴിയുന്ന 62 വയസ്സുകാരൻ സുരേഷിന് അനുയോജ്യമെന്ന് കണ്ടെത്തിയാണ് അവയമാറ്റത്തിന് ഒരുക്കം തുടങ്ങിയത്. വൃക്കയുമായി ആംബുലൻസ് എത്തിയപ്പോള്‍ ഏറ്റെടുക്കാൻ ആരുമുണ്ടായില്ല. ഓപ്പറേഷൻ തീയറ്റിന് മുന്നിലേക്ക് ആംബുലൻസ് ഡ്രൈവർമാർ ഓടിയടുക്കുന്ന ദൃശ്യങ്ങൾ പുറത്തായി.
വൃക്ക സ്വീകരിച്ച സുരേഷ് അടുത്ത ദിവസം മരിച്ചതോടെ വിവാദം കത്തിപ്പടര്‍ന്നു. പ്രാഥമിക അന്വേഷണത്തിൽ തന്ന വീഴ്ച കണ്ടെത്തിയതിന് പിന്നാലെ യൂറോളജി വിഭാഗം മേധാവി ഡോ. എസ്. വാസുദേവൻ പോറ്റിയേയും, നെഫ്രോളജി വിഭാഗം മേധാവി ഡോ. ജേക്കബ് ജോർജിനേയും സസ്പെന്റ് ചെയ്തു. ആരോഗ്യ വകുപ്പ് തന്നെ പ്രതിക്കൂട്ടിലായ സംഭവം പൊലീസ് കേസായി.