തിരുവനന്തപുരത്ത് ആദിവാസികൾക്കിടയിൽ ആത്മഹത്യ വർധിക്കുന്നെന്ന് റിപ്പോർട്ട്; ദേശീയ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

news image
Dec 26, 2024, 2:16 pm GMT+0000 payyolionline.in

തിരുവനന്തപുരം: തിരുവനന്തപുരത്തെ ആദിവാസി വിഭാ​ഗങ്ങൾക്കിടയിൽ ആത്മഹത്യ വർദ്ധിക്കുന്നുവെന്ന റിപ്പോർട്ട്. 2024 ൽ മാത്രം 23 ആത്മഹത്യകൾ നടന്നുവെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന മാധ്യമ റിപ്പോർട്ടുകൾ പറയുന്നത്. ഇതിൻ്റെ അടിസ്ഥാനത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. സംഭവത്തിൽ ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും രണ്ടാഴ്ചയ്ക്കകം വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകി.

2011 നും 2022 നും ഇടയിൽ പെരിങ്ങമല പഞ്ചായത്തിൽമാത്രം 138 ആത്മഹത്യ ആദിവാസികൾക്കിടയിൽ നടന്നെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുള്ളതായി ദേശീയ മനുഷ്യാവകാശ കമ്മീഷൻ വാർത്താക്കുറിപ്പിൽ ചൂണ്ടിക്കാട്ടി. മരിച്ചവരിൽ ഭൂരിഭാഗം പേരും 20 നും 30 നും ഇടയിൽ പ്രായമുള്ളവരാണ്. സാമൂഹിക അവഗണനയും സാമ്പത്തിക പ്രയാസവുമാണ് മരണത്തിലേക്ക് നയിക്കുന്നതെന്നാണ് പ്രധാന വിമർശനം. ഭിന്ന ജാതി വിവാഹങ്ങളും മദ്യവും പെൺവാണിഭ സംഘങ്ങളും ആത്മഹത്യക്ക് പിന്നിലെ മറ്റ് കാരണങ്ങളായി പറയപ്പെടുന്നു.  ഈ സംഭവങ്ങളിൽ രജിസ്റ്റർ ചെയ്ത എഫ്ഐആർ അടക്കമുള്ള വിവരങ്ങളാണ് കേരളത്തോട് തേടിയിരിക്കുന്നത്. മരിച്ചവരുടെ ബന്ധുക്കൾക്ക് സാമ്പത്തികസഹായം നൽകിയെങ്കിൽ ആ കാര്യം വിശദീകരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe