തിരുവനന്തപുരത്ത് മിന്നൽ ചുഴലി, വേനൽമഴ: ഒരാൾക്ക് പരിക്ക്, വൻ നാശം; കണ്ണൂരിൽ നായ മിന്നലേറ്റ് ചത്തു

news image
May 12, 2023, 1:06 pm GMT+0000 payyolionline.in

തിരുവനന്തപുരം: ജില്ലയിൽ ഇന്നലെ പെയ്ത വേനൽമഴയിലും മിന്നൽ ചുഴലിയിലും കനത്ത നാശനഷ്ടം. പേയാട്, വള്ളൈക്കടവ്, വയലിക്കട, മൂന്നാംമൂട് മേഖലകളിൽ മരങ്ങൾ പൊട്ടിവീണു. പ്രദേശങ്ങളിൽ വീടുകളും റോഡും തകര്‍ന്നു. കെഎസ്ഇബിയുടെ വൈദ്യുതി കമ്പികൾക്ക് മുകളിൽ മരങ്ങൾ പൊട്ടിവീണ് വൈദ്യുതി ബന്ധം തടസപ്പെട്ടു. നിരവധി ഇടങ്ങളിൽ ഇലക്ട്രിക് പോസ്റ്റുകൾ പൊട്ടി. വീടിന് മുകളിൽ തെങ്ങ് വീണ് ഗൃഹനാഥന് പരിക്കേറ്റു.

ഇന്നലെ വൈകീട്ട് നാല് മണിയോടെയാണ് കനത്ത മഴയിലും ചുഴലിക്കാറ്റുമുണ്ടായത്. അപ്രതീക്ഷിതമായി പെയ്ത മഴയിൽ വെള്ളൈക്കടവിൽ മരം വീണ് വീടുകൾ തകര്‍ന്നു. പ്ലാസ്റ്റിക് ഷീറ്റിട്ട മേൽക്കൂര പറന്നുപോയി. റോഡിന്‍റെ ഒരുഭാഗം മഴയിൽ ഒലിച്ചു പോയി. വാഴകൃഷി ഉൾപ്പെടെ വ്യാപക കൃഷി നാശം ഉണ്ടായി. പേയാട് കനത്ത മഴയിലും കാറ്റിലും വീടിന് മുകളിലേക്ക് തെങ്ങ് വീണ് ചെറുകോട് സ്വദേശി സുരേഷ് കുമാറിന് പരിക്കേറ്റു. വൈകീട്ട് മൂന്നരയ്ക്കായിരുന്നു സംഭവം. വീടിന്റെ ഓട് പൊട്ടി താഴെ വീണാണ് വീടിനകത്തുണ്ടായിരുന്ന സുരേഷിന് പരിക്കേറ്റത്. ഫയര്‍ഫോഴ്സ് എത്തിയാണ് തെങ്ങ് മുറിച്ചുമാറ്റിയത്.

കണ്ണൂര്‍ പടിയൂരില്‍ ഇടിമിന്നലേറ്റ് വീട്ടിലെ വൈദ്യുതോപകരണങ്ങള്‍ കത്തി നശിച്ചു. കൊശവന്‍ വയലിലെ വലിയ പറമ്പില്‍ വനജയുടെ വീട്ടിലാണ് ഇടിമിന്നലില്‍ നാശനഷ്ടമുണ്ടായത്. വീട്ടിലെ നായ മിന്നലേറ്റു ചത്തു. വീടിന്‍റെ ഭിത്തിയില്‍ വിള്ളല്‍ വീണിട്ടുണ്ട്. മിന്നലേറ്റ് തറയുടെ ഒരു ഭാഗത്ത് കുഴി രൂപപ്പെട്ടു. വീട്ടുകാര്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ഇരിക്കൂര്‍ മേഖലയിലും മിന്നലില്‍ നാശനഷ്ടമുണ്ടായി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe