തിരുവനന്തപുരം: വാഹനാപകടത്തിൽ അച്ഛനും മകനും മരിച്ച കേസിൽ കെ.എസ്.ആർ.ടി.സി ഡ്രൈവർക്ക് നാലു വർഷം തടവും നാലു ലക്ഷം രൂപ പിഴയും. തിരുവനന്തപുരം ഡിപ്പോയിലെ ഡ്രൈവർ സുധാകരനെയാണ് ഏഴാം അഡീഷനൽ സെഷൻസ് കോടതി ശിക്ഷിച്ചത്.
രണ്ടാം പ്രതിയും കെ.എസ്.ആർ.ടി.സി കണ്ടക്ടറുമായ പ്രശാന്തിനെ ഒരു ദിവസം തടവിനും 10,000 രൂപ പിഴക്കും വിധിച്ചു. പിഴയായി വിധിച്ച നാലു ലക്ഷം മരിച്ചവരുടെ കുടുംബത്തിന് നൽകണമെന്നും ഉത്തരവിൽ പറയുന്നു.
2012 ഒക്ടോബർ 30ന് രാവിലെ 6.30നാണ് സംഭവം. കിഴക്കേകോട്ടയിൽനിന്ന് കഴക്കൂട്ടത്തേക്ക് അമിതവേഗത്തിൽ പോകുകയായിരുന്ന ബസ് പാറ്റൂർ ഭാഗത്ത് ബൈക്കിൽ വരികയായിരുന്ന പാട്രിക്കിനെയും മകൻ ശ്രീജിത്തിനെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. കെ.എസ്.ആർ.ടി.സി പോലുള്ള പൊതുഗതാഗത മേഖല റോഡിൽ വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് കോടതി നിരീക്ഷിച്ചു.