തിരൂരങ്ങാടിയിൽ ഉടമകൾ ഒന്നും അറിഞ്ഞില്ല, ആർസി ബുക്കിലെ പേര് മാറ്റി, ആർടി ഓഫീസ് കേന്ദ്രീകരിച്ചും അന്വേഷണം, മൂന്ന് പേർ അറസ്റ്റിൽ

news image
Jul 12, 2024, 3:48 am GMT+0000 payyolionline.in
മലപ്പുറം: തിരൂരങ്ങാടിയിൽ ഉടമകൾ അറിയാതെ ആർസിയിൽ പേര് മാറ്റിയ സംഭവത്തിൽ മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. പരപ്പനങ്ങാടി ഉള്ളണം സ്വദേശി കറുവാടത്ത് നിസാർ (43)കരുവാങ്കല്ല് സ്വദേശി നഈം (39)ചെട്ടിപ്പടി സ്വദേശി കോട്ടുവാലന്റെ പുരക്കൽ ഫൈജാസ് (28) എന്നിവർ ആണ് അറസ്റ്റിലായത്. നിസാറാണ് രണ്ട് പേരുടെയും സഹായത്തോടെ ആർസിയിൽ കൃത്രിമം കാണിച്ചതെന്ന് പൊലീസ് കണ്ടെത്തി. വ്യാജ ആർസി നിർമിക്കാൻ  തിരൂരങ്ങാടി സബ്ബ് ആർടി ഓഫീസിൽ നിന്ന് സഹായം ലഭിച്ചുവെന്നും നിസാർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. മൊഴിയുടെ അടിസ്ഥാനത്തിൽ അന്വേഷണം സബ് ആർടി ഓഫീസിലേക്കും നീങ്ങും.

വായ്പയെടുത്ത് അടവ് മുടങ്ങിയ വാഹനങ്ങള്‍ സ്വകാര്യ ധനകാര്യ സ്ഥാനങ്ങള്‍ പിടിച്ചെടുത്തിരുന്നു. ഈ വാഹനങ്ങളാണ് ഉടമസ്ഥരറിയാതെ അവരുടെ പേരില്‍ നിന്നും മാറ്റിയത്. ഇത് സംബന്ധിച്ച് അന്വേഷണം ആവശ്യപെട്ട് ജോയിന്‍റ് ആര്‍ ടി ഒ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നു. അന്വേഷണത്തിന്‍റെ ഭാഗമായി നേരത്തെ വാഹനങ്ങളും പിടിച്ചെടുത്തു. മോട്ടോർ വാഹന വകുപ്പിന്റെ പരിവാഹൻ സൈറ്റ് മുഖേന ഓണ്ലൈനിൽ ആണ് ഉടമസ്ഥാവകാശം മാറ്റാനുള്ള അപേക്ഷ നൽകേണ്ടത്. അങ്ങനെ അപേക്ഷ നല്‍കുമ്പോള്‍ ഉടമസ്ഥന്‍റെ ഫോൺ നനമ്പറില്‍ ഒടിപി വരും. ഇവിടെ ഈ ഒ ടി പി വന്നില്ല. പുറത്തു നിന്നുള്ള ഒരാള്‍ക്ക് ഇടപെടാൻ കഴിയാത്ത സൈറ്റില്‍ കയറി മൊബൈല്‍ നമ്പര്‍ മാറ്റിയാണ് ഇവിടെ തട്ടിപ്പ് നടത്തിയത്.

ഉടമസ്ഥരുടെ ആവശ്യപ്രകാരമോ മരിച്ചവരുടേയോ ഫോൺ നമ്പര്‍ മാത്രമാണ് മാറ്റാറുള്ളത്.അതിനു തന്നെ മതിയായ നിരവധി രേഖകള്‍ ഹാജരാക്കണം,മരിച്ചവരുടെ കാര്യത്തിലാണെങ്കില്‍ മരണ സര്‍ട്ടിഫറിക്കറ്റും അനന്തരാവകാശ സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാണ്.  ഇതൊന്നുമില്ലാതെ ഇത്രയും വാഹനങ്ങളുടെ ഉടമസ്ഥാവകാശം മാറ്റിയതില്‍ ഉദ്യോഗസ്ഥരുടെ പങ്ക് വ്യക്തമാണെങ്കിലും പൊലീസ് ഇപ്പോള്‍ കേസെടുത്തിട്ടില്ല. ഈ വലിയ തട്ടിപ്പിന്‍റെ പിന്നിലുള്ള എല്ലാവരേയും നിയമത്തിന്‍റെ മുന്നില്‍ കൊണ്ടുവരണമെങ്കില്‍ ധനകാര്യ സ്ഥാപനങ്ങളുടേയും ഉദ്യോഗസ്ഥരുടേയും പങ്ക്  കൂടി അന്വേഷിക്കണമെന്ന ആവശ്യം ശക്തമാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe