മലപ്പുറം: ഒന്നര മാസം മുമ്പാണ് തിരൂർ മംഗലം സ്വദേശി ഷമീറിന്റെ ബൈക്ക് വീട്ടുമുറ്റത്ത് നിന്നും മോഷ്ടാവ് കവർന്നത്. കൃത്യമായി പറഞ്ഞാൽ ജൂൺ 19ന്. മോഷണം പോയതിന് പിന്നാലെ പൊലീസിൽ പരാതി നൽകുകയും തന്റേതായ രീതിയിലും അന്വേഷണം നടത്തിയിരുന്നു. പൊലീസും അന്വേഷിച്ചു. എന്നാൽ വിഫലമായിരുന്നു അന്വേഷണം. പൊലീസിനും കള്ളനെ പിടികൂടാൻ കഴിഞ്ഞില്ല. എന്നാൽ കഴിഞ്ഞ ദിവസമാണ് ഗതാഗത നിയമം ലംഘിച്ചതിന് ഷമീറിന്റെ ഫോണിലേക്ക് സന്ദേശമെത്തിയത്.
ഹെൽമെറ്റ് ധരിക്കാത്തതിന് പിഴ അടക്കാനാവശ്യപ്പെട്ടായിരുന്നു സന്ദേശം. ഇതോടെയാണ് ബൈക്ക് മറ്റാരോ ഉപയോഗിക്കുന്നുണ്ടെന്ന് വ്യക്തമായത്. മോട്ടോർ വകുപ്പിന്റെ ഓൺലൈൻ സൈറ്റിൽ കയറി നോക്കിയപ്പോൾ ബൈക്കുമായി മോഷ്ടാവ് എന്ന് കരുതുന്നയാൾ ഓടിക്കുന്ന ചിത്രമുൾപ്പെടെയുണ്ട്. ഇയാൾ ഹെൽമറ്റ് ധരിക്കാത്തതാണ് അനുഗ്രഹമായത്. ജൂൺ 19ന് പുലർച്ചെ 3.28നാണ് ചിത്രം പതിഞ്ഞത്. ഈ ചിത്രവുമായി മോഷ്ടാവിനെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്.