തിരുവനന്തപുരം: കേരളത്തിന് തീരദേശ സുരക്ഷയ്ക്കായി പ്രത്യേക മറൈൻ റിസർവ് ബറ്റാലിയന് അനുമതി നൽകുമെന്ന് കേന്ദ്രം ഉറപ്പുനൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. തീരദേശ സുരക്ഷ, ആഴക്കടലിലൂടെ നിരോധിത വസ്തുക്കൾ കൊണ്ടുപോകുന്നത് പിടികൂടൽ തുടങ്ങിയവയിൽ വൈദഗ്ധ്യമുള്ള പ്രത്യേക ഇന്ത്യൻ റിസർവ് ബറ്റാലിയനാണ് കേന്ദ്രം ഉറപ്പ് നൽകിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
കേരളത്തിന്റെ 640 കിലോമീറ്റർ നീളമുള്ള തീരപ്രദേശം കണക്കിലെടുക്കുമ്പോൾ, സംസ്ഥാനത്തിന്‍റെ തീരദേശ സുരക്ഷയെ കുറിച്ചാണ് കേന്ദ്ര ആഭ്യന്തര മന്ത്രിയുമായി പ്രധാനമായും ചർച്ച ചെയ്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബറ്റാലിയനിലെ അംഗങ്ങൾക്ക് പരിശീലനം, ആയുധങ്ങൾ വാങ്ങൽ, പ്രവർത്തന സജ്ജമാക്കൽ എന്നിവയുൾപ്പെടെയുള്ള ചെലവിന്‍റെ ഗണ്യമായ ഭാഗം കേന്ദ്രം വഹിക്കുമെന്ന് അമിത് ഷാ ഉറപ്പ് നൽകിയതായി മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിൽ സ്ഥാപിക്കുന്ന ഈ പ്രത്യേക യൂണിറ്റിന്‍റെ സേവനം കേന്ദ്രമോ മറ്റ് സംസ്ഥാനങ്ങളോ ആവശ്യപ്പെട്ടാൽ നൽകുമെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം സെന്‍റർ ഫോർ ഫോറൻസിക് സയൻസ് റിസർച്ച് ആൻഡ് എജ്യുക്കേഷന്‍റെ റീജ്യണൽ കാമ്പസ് കേരളത്തിന് അനുവദിക്കണമെന്ന ആവശ്യം പരിഗണിക്കാമെന്ന് അമിത് ഷാ ഉറപ്പ് നൽകിയയെന്ന് മുഖ്യമന്ത്രി അറിയിച്ചു.
സൈബർ ഫോറൻസിക്, സൈബർ കുറ്റകൃത്യ പ്രതിരോധ അടിസ്ഥാന സൗകര്യങ്ങൾ എന്നിവ മെച്ചപ്പെടുത്തുന്നതിനായി 108 കോടി രൂപയുടെ സാമ്പത്തിക സഹായം നൽകുമെന്ന് അമിത് ഷാ അറിയിച്ചു. സൈബർ തട്ടിപ്പ് ഉൾപ്പെടെയുള്ള സൈബർ കുറ്റകൃത്യങ്ങളുടെ വർധനവിലെ ആശങ്ക യോഗത്തിൽ ചർച്ചയായി. സൈബർ കുറ്റവാളികൾ സ്ത്രീകളെയും കുട്ടികളെയും ഇരകളാക്കുന്നതിനെ കുറിച്ചും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായി ചർച്ച നടത്തിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.