തീർഥാടകർ പമ്പയിൽ ബസിൽ കയറിപ്പറ്റാൻ നെട്ടോട്ടം: നടപടി സ്വീകരിക്കാൻ കലക്ടർക്ക് നിർദേശം

news image
Dec 17, 2022, 1:43 pm GMT+0000 payyolionline.in

കൊച്ചി ∙ ശബരിമല തീർഥാടകർക്കു പമ്പയിൽനിന്നു കെഎസ്ആർടിസി ബസുകളിൽ കയറാനുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ നടപടികൾ സ്വീകരിക്കാൻ കലക്ടറോടു ഹൈക്കോടതിയുടെ നിർദേശം. ഗ്രൂപ്പ് ബുക്കിങ് നടത്തിയവരുടെ ഉൾപ്പെടെ ബുദ്ധിമുട്ടുകൾക്കു പരിഹാരമുണ്ടാകണമെന്നും കോടതി നിർദേശിച്ചു. പമ്പ, ത്രിവേണിയിൽ ബസുകളിൽ കയറാനുള്ള തീർഥാടകരുടെ ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടിയുള്ള വാർത്തയുടെ  അടിസ്ഥാനത്തിലാണു ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ, ജസ്റ്റിസ് കെ.പി. അജിത് കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശം നർകിയത്.

ഈ വിഷയത്തിൽ കലക്ടർ, ജില്ലാ പൊലീസ് മേധാവി, ശബരിമല സ്പെഷൽ കമ്മിഷണർ, കെഎസ്ആർടിസി സ്പെഷൽ ഓഫിസർ, ദേവസ്വം ബോർഡ് എക്സിക്യുട്ടിവ് എൻജിനീയർ എന്നിവരുമായി ആലോചിച്ച് സംവിധാനം രൂപീകരിക്കണമെന്നാണു നിർദേശം. ഗ്രൂപ്പ് ടിക്കറ്റിങ് ബുക്കിങ് നടത്തിയിട്ടും തീർഥാടകർക്കു പ്രത്യേകം വാഹനം നൽകുന്നില്ലെന്ന വിവരം  ചൂണ്ടിക്കാട്ടിയിരുന്നു. യാത്രക്കാരെ നിയന്ത്രിക്കാൻ പമ്പയിലും നിലയ്ക്കലിലും പൊലീസുകാരെ നിയോഗിച്ചിട്ടുണ്ടെന്നു സീനിയർ ഗവൺമെന്റ് പ്ലീഡർ കോടതിയെ അറിയിച്ചിരുന്നു.

ശബരിമലയിലേയ്ക്കുള്ള റോഡുകളുടെ അവസ്ഥയെക്കുറിച്ച് ഇതരസംസ്ഥാന ഡ്രൈവർമാരെ ബോധവൽക്കരിക്കണമെന്നും മോട്ടർ വാഹന വകുപ്പ് ഇക്കാര്യത്തിൽ നടപടി സ്വീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. തമിഴ്നാട്ടിലെ താംബരത്തുനിന്നു തീർഥാടകരുമായി എത്തിയ വാഹനം അപകടത്തിൽപ്പെട്ട് 10 വയസ്സുള്ള കുട്ടി മരിക്കുകയും 13 പേർക്കു പരുക്കേൽക്കുകയും ചെയ്തതു പരിഗണിച്ചാണ് ഇക്കാര്യം അറിയിച്ചത്. സംഭവത്തിൽ ബന്ധപ്പെട്ട മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥന്റെ റിപ്പോർട്ട് തേടിയ ഹൈക്കോടതി ഹർജി 21 ന് പരിഗണിക്കാൻ മാറ്റിവച്ചു. പാർക്കിങ് സൗകര്യം സംബന്ധിച്ച വിഷയത്തിൽ നിലയ്ക്കലിലെ 16 പാർക്കിങ് ഗ്രൗണ്ടുകളുടെ ലേ ഔട്ട് ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe