തുടര്‍ച്ചയായ രണ്ടാം പിരിവിന് ഇറങ്ങാൻ മടിച്ച് പിസിസികൾ; വിലക്ക് മാറിയാൽ പരിഹാരമെന്ന് എഐസിസി

news image
Mar 26, 2024, 4:13 am GMT+0000 payyolionline.in

ദില്ലി: കോൺഗ്രസിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ പിരിവിന് ഇറങ്ങാൻ പിസിസികൾക്ക് മടി. സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകൾ തുറക്കാൻ പോലും പണം ഇല്ലാത്ത നിലയിൽ സാമ്പത്തിക പ്രതിസന്ധിയിലാണ് കോൺഗ്രസ് നേതൃത്വം. അതേസമയം ക്രൗഡ് ഫണ്ടിംഗ് വിജയിക്കുമോയെന്ന ആശയക്കുഴപ്പത്തിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ പിസിസി നേതൃത്വങ്ങൾ പാര്‍ട്ടി ദേശീയ നേതൃത്വത്തെ ആശങ്കയറിയിച്ചു. ഭാരത് ജോഡോ ന്യായ് യാത്രക്ക് പിരിച്ചതിന് പിന്നാലെ വീണ്ടും പണപ്പിരിവിന് ഇറങ്ങാൻ പല സംസ്ഥാന നേതൃത്വങ്ങളും കേന്ദ്ര നേതൃത്വത്തെ വിമുഖത അറിയിച്ചിട്ടുണ്ട്. സ്ഥാനാർത്ഥികൾക്ക് വ്യക്തിപരമായി ഉണ്ടാകുന്ന ബാധ്യത ആദായ നികുതി വിലക്ക് നീക്കിയാൽ പരിഹരിക്കാമെന്ന ഉറപ്പാണ് പിസിസികൾക്ക് എഐസിസി നേതൃത്വം നൽകിയത്.

മുന്‍കാലങ്ങളിലുണ്ടാകാത്ത കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഇപ്പോൾ കോൺഗ്രസ് നേതൃത്വത്തെ വലയ്ക്കുന്നത്. നാല് ബാങ്കുകളിലെ 11 അക്കൗണ്ടുകള്‍ മരവിപ്പിച്ചതോടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണമില്ലാത്ത സ്ഥിതിയിലാണ് പാര്‍ട്ടി നേതൃത്വം. ചെലവുകള്‍ക്കായി സംസ്ഥാന ഘടകങ്ങള്‍ക്ക് ഇതുവരെ എഐസിസി പണം നല്‍കിയിട്ടില്ല. ക്രൗഡ് ഫണ്ടിംഗിലൂടെയോ , സംഭാവനകള്‍ സ്വീകരിച്ചോ പണം  കണ്ടെത്താനാണ് പിസിസികളോട് പറഞ്ഞത്. സ്വന്തം നിലക്ക് സ്ഥാനാര്‍ത്ഥികളും പണം കണ്ടെത്താൻ ശ്രമം നടത്തണം.

 

പ്രതിസന്ധി തുടര്‍ന്നാല്‍ യാത്രാ ചെലവടക്കം ബാധ്യതയാകും. അതിനാൽ പ്രധാന നേതാക്കള്‍ക്ക് പഴയതുപോലെ സംസ്ഥാനങ്ങളില്‍ പ്രചാരണം നടത്താനാവില്ല. നിലവിലെ പ്രതിസന്ധി മറികടക്കാന്‍ മറ്റ് മാര്‍ഗങ്ങളൊന്നും മുന്നിലില്ലെന്ന് നേതാക്കള്‍ പറയുന്നു. മോദി ഭരണം തുടരുമെന്ന പ്രചാരണം നിലനില്‍ക്കുമ്പോള്‍ കോണ്‍ഗ്രസിന് സംഭാവന നല്‍കുന്നവരുടെ എണ്ണവും കുറഞ്ഞു. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്ന് ഇത്രയും ഭാരിച്ച ചെലവുകള്‍ക്ക് പണം കണ്ടെത്തുന്നതും പ്രതിസന്ധിയാണ്. ആദായ നികുതി വകുപ്പിന്‍റെ നടപടിക്കെതിരെ ദില്ലി ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോണ്‍ഗ്രസിന്‍റെ ഹര്‍ജി തള്ളിയിരുന്നു. അദായ നികുതി റിട്ടേണ്‍ നല്‍കുന്നതില്‍ വീഴ്ച വരുത്തി, അനുവദനീയമായതിലും കൂടുതല്‍ തുക സംഭാവനയായി കൈപ്പറ്റി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കോണ്‍ഗ്രസിന്‍റെ അക്കൗണ്ടുകള്‍ ആദായ നികുതി വകുപ്പ് മരവിപ്പിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe