തുടർച്ചയായി നിയമലംഘനം നടത്തുന്ന ഡ്രൈവർമാർക്ക് 5 ദിവസത്തെ പരിശീലനം; പഠനം എംവിഡിയുടെ പരിശീലന കേന്ദ്രങ്ങളിൽ

news image
Dec 14, 2024, 3:49 am GMT+0000 payyolionline.in

തിരുവനന്തപുരം: തുടർച്ചയായി നിയമ ലംഘനം നടത്തുന്ന ഡ്രൈവർമാർക്ക് 5 ദിവസത്തെ പരിശീലനം നൽകും. എംവിഡിയുടെ പരിശീലന കേന്ദ്രങ്ങളിലായിരിക്കും പഠനം. തുടർച്ചയായി നിയമലംഘനം നടത്തുന്നവരുടെ പട്ടിക തയ്യാറാക്കാൻ ആർടിഒമാർക്ക് ഗതാഗത കമ്മീഷണർ നിർദേശം നൽകി. സംസ്ഥാനത്ത് അപകടങ്ങൾ കൂടുന്ന സാഹചര്യത്തിലാണ് പുതിയ നിർദ്ദേശം. വിവിധ വാഹന ഡ്രൈവർമാരുടെ സംഘടനകളുമായി ചേർന്നും പരിശീലന പരിപാടി നടത്തും.

നാല് വിദ്യാർത്ഥിനികളുടെ മരണം സംഭവിച്ച പാലക്കാട് –  കോഴിക്കോട് ദേശീയ പാതയിലെ പനയംപാടം സ്ഥിരം അപകട മേഖലയെന്ന് കണ്ടെത്തിയ ഐഐടി റിപ്പോ‍‍ർട്ട്  ലഭിച്ചു. മോട്ടോർ വാഹന വകുപ്പിന് വേണ്ടി പാലക്കാട് ഐഐടി തയാറാക്കിയ റിപ്പോർട്ടിലെ നിർദേശങ്ങളിൽ നടപ്പാക്കിയത് റോഡിലെ ഗ്രിപ്പിടൽ മാത്രമാണ്. ആറ് മാസം മുൻപ് ഗ്രിപ്പിട്ടെങ്കിലും അതിന്റെ ഗുണഫലമില്ലെന്നതിന്‍റെ തെളിവാണ് കഴിഞ്ഞ ദിവസമുണ്ടായ ദാരുണമായ അപകടം. ഐഐടി പഠന റിപ്പോർട്ടിലെ നിർദേശങ്ങൾ നടപ്പാക്കുന്നതിൽ വീഴ്ച പറ്റിയെന്ന് ജില്ലാ ഭരണകൂടവും സമ്മതിച്ചു.

പനയംപാടത്ത് ഇന്ന് സംയുക്ത സുരക്ഷാ പരിശോധന നടക്കും. ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ രാവിലെ 11.30 ന് അപകടസ്ഥലം സന്ദർശിക്കും. മരിച്ച നാല് വിദ്യാർത്ഥിനികളുടെ വീടുകളിലും മന്ത്രിയെത്തും. അപകടം തുടർക്കഥയാവുന്ന പനയംപാടത്ത് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് കോൺഗ്രസ് ഇന്ന് അനിശ്ചിതകാല സമരം തുടങ്ങും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe