കോഴിക്കോട് : 52 ദിവസത്തെ മൺസൂൺ കാല ട്രോളിങ് നിരോധനം ജൂലൈ 31 ന് അർധരാത്രി അവസാനിക്കുന്നതിനു മുന്നോടിയായി കടലിൽ പോകാനുള്ള ഒരുക്കങ്ങൾ സജീവമാക്കി മത്സ്യബന്ധന മേഖല. ജില്ലയിലെ പ്രധാന മത്സ്യബന്ധന കേന്ദ്രങ്ങളായ പുതിയാപ്പ, ബേപ്പൂർ തുടങ്ങിയ ഇടങ്ങളിലാണ് ലക്ഷങ്ങൾ മുടക്കി അറ്റകുറ്റപ്പണി നടത്തിയും വലകളും അനുബന്ധ സാമഗ്രികളും ഒരുക്കിയും ബോട്ടുകൾ സജീവമാകുന്നത്.
ദിവസങ്ങളോളം കടലിൽ തുടരുന്ന വൻബോട്ടുകൾ ഐസും ഇന്ധനവും വെള്ളവും റേഷനും മറ്റും സംഭരിക്കുന്ന തിരക്കിലാണ്. 25 മുതൽ എല്ലാ തുറമുഖങ്ങളിലെയും ബങ്കുകൾ തുറക്കാൻ ഫിഷറീസ് വകുപ്പ് നേരത്തെ അനുമതി നൽകിയിരുന്നു. ലക്ഷങ്ങൾ ചെലവിട്ടുള്ള അറ്റകുറ്റപ്പണികൾക്കു ശേഷമാണ് ബോട്ടുകൾ ട്രോളിങ് നിരോധനത്തിന് ശേഷം പലരും രംഗത്തിറക്കുന്നത്. പൊട്ടിപ്പൊളിഞ്ഞു കിടന്ന വാർഫ്, പാർക്കിങ് ഏരിയ, ലോഡിങ് തുടങ്ങിയവയുടെ കോൺക്രീറ്റ് ഉൾപ്പെടെ 25 ലക്ഷം രൂപയുടെ അറ്റകുറ്റപ്പണികളാണ് ബേപ്പൂർ മത്സ്യബന്ധന ഹാർബറിൽ മാത്രം പൂർത്തിയാക്കിയത്.
ബേപ്പൂർ, പുതിയാപ്പ, കൊയിലാണ്ടി, വെള്ളയിൽ, ചോമ്പാൽ എന്നിവിടങ്ങളിലായി ചെറുതും വലുതുമായ റജിസ്റ്റർ ചെയ്ത 1250 ൽ ഏറെ ബോട്ടുകളാണ് ജില്ലയിൽ മത്സ്യബന്ധന മേഖലയിലുളളത്. കൊയിലാണ്ടിയിലും ചോമ്പാലയിലും ചെറുബോട്ടുകളാണെങ്കിൽ പുതിയാപ്പ, ബേപ്പൂർ തീരങ്ങളിലാണ് താരതമ്യേന വലിയ ബോട്ടുകളുള്ളത്. ജില്ലയിലെ പകുതിയിലേറെ ബോട്ടുകളും രംഗത്തുളള ബേപ്പൂരിലാണ് മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് ജില്ലയിൽ ഏറെപ്പേർ പ്രവർത്തിക്കുന്നത്. മൂന്നൂറിലേറെ ബോട്ടുകളാണ് പുതിയാപ്പയിലുള്ളത്.
വ്യാഴാഴ്ച അര്‍ധരാത്രി മുതല്‍ മത്സ്യബന്ധനത്തിന് പോകുന്ന ബോട്ടുകള്‍ ഉള്‍പ്പെടെ എല്ലാ മത്സ്യബന്ധന യാനങ്ങളും നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും കാലാവസ്ഥാ മുന്നറിയിപ്പ് പാലിച്ച് മാത്രമേ കടലില്‍ പോകാവൂവെന്നും ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. മത്സ്യത്തൊഴിലാളികള്‍ ആധാര്‍ കാര്‍ഡ് കൈവശം ഉറപ്പാക്കണം. അവ അധികാരികള്‍ ആവശ്യപ്പെടുമ്പോള്‍ പരിശോധനക്ക് നല്‍കണം. മത്സ്യമേഖലയില്‍ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികള്‍ നിര്‍ബന്ധമായും അതിഥി പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യണം. എല്ലാ ബോട്ടുകളിലും ട്രാന്‍സ്പോണ്ടര്‍ ഘടിപ്പിക്കുകയും പുതുക്കിയ ലൈസന്‍സ് സര്‍ട്ടിഫിക്കറ്റ്/പകര്‍പ്പ്, റജിസ്ട്രേഷന്, ഫസ്റ്റ് എയ്ഡ് ബോക്സ്, അഗ്നിരക്ഷാ ഉപകരണങ്ങള്‍ ഉള്‍പ്പെടെയുള്ള സുരക്ഷാ ഉപകരണങ്ങള്‍, ആവശ്യമായ കുടിവെള്ളം എന്നിവ കരുതുകയും വേണം.
കളര്‍ കോഡിങ്ങും കേരള സമുദ്ര മത്സ്യബന്ധനയാന നിയന്ത്രണ നിയമവും പാലിക്കണം. നിയമാനുസൃത വലുപ്പത്തില്‍ കുറഞ്ഞ മത്സ്യങ്ങള്‍ പിടിക്കരുത്. ഇക്കാര്യങ്ങള്‍ ലംഘിക്കുന്ന യാനങ്ങള്‍ക്കെതിരെ കര്‍ശന നിയമന നടപടിയെടുക്കുമെന്നും ഫിഷറീസ് അധികൃതര്‍ അറിയിച്ചു. കടലിലെ അടിയന്തര രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ബേപ്പൂര്‍ ഫിഷറീസ് കണ്ട്രോള് റൂമുമായി ബന്ധപ്പെടാമെന്നും ഫിഷറീസ് അധികൃതർ അറിയിച്ചു. അടിയന്തര സാഹചര്യങ്ങളിൽ ബന്ധപ്പെടേണ്ട നമ്പരുകൾ 9496007052, 0495 2414074.
ട്രോളിങ്ങിന് മുന്നോടിയായി സുരക്ഷിത മത്സ്യബന്ധനത്തിന് സർക്കാർ നടപടി സ്വീകരിക്കണമെന്ന ആവശ്യം ബോട്ട് ഉടമ സംഘടന ഉന്നയിച്ചിട്ടുണ്ട്. കൊച്ചിയിൽ മുങ്ങിയ കപ്പലിൽ നിന്ന് കടലിൽപ്പോയ കണ്ടെയ്നറുകൾ, അഴീക്കൽ തുറമുഖത്തിന് സമീപം തീപിടിച്ച കപ്പലിൽ നിന്ന് കടലിലുള്ള അവശിഷ്ടങ്ങൾ തുടങ്ങിയവയിലൂടെ കടലിലെ മത്സ്യബന്ധനത്തിന് തടസ്സമുണ്ടാകരുതെന്ന് കേരള ഫിഷിങ് ബോട്ട് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കരിച്ചാലി പ്രേമൻ ആവശ്യപ്പെട്ടു. വലകൾക്കും ബോട്ടുകൾക്കും അപകട സാധ്യതയുള്ള പശ്ചാത്തലത്തിൽ രണ്ടു കപ്പലപകടത്തിൽ നിന്നുള്ള അപകടസാധ്യത മുന്നറിയിപ്പുകൾ ബോട്ടുകളെ യഥാസമയം അറിയിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.