തുലാമഴ കനത്താൽ ‘ഡാമിംഗ് ഇഫക്ട്’ എന്ന് ഗവേഷകർ, ചൂരൽമലയ്ക്കും മുണ്ടക്കൈയ്ക്കും മുന്നറിയിപ്പ്

news image
Sep 3, 2024, 3:51 pm GMT+0000 payyolionline.in

മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടലിന്‍റെ പ്രഭവ കേന്ദ്രത്തിലെ അവശിഷ്ടങ്ങൾ മറ്റൊരു ദുരന്തമായി മാറിയേക്കാമെന്ന് ഐസർ മൊഹാലിയിലെ ഗവേഷകരുടെ പഠനം മുന്നറിയിപ്പ് നൽകുന്നു. തുലാമഴ അതിശക്തമായി പെയ്താൽ ഇളകി നിൽക്കുന്ന പാറകളും മണ്ണും ശക്തമായ രീതിയില്‍ കുത്തിയൊലിച്ചേക്കുമെന്നാണ് വിദഗ്ദരുടെ മുന്നറിയിപ്പ്. ഇത്തരത്തില്‍ കുത്തിയൊലിച്ചിറങ്ങുന്ന ജലം പുഞ്ചിരിമട്ടത്തിനോട് ചേർന്ന് രൂപപ്പെട്ട പാറയിടുക്കിൽ തങ്ങി,’ഡാമിംഗ് ഇഫ്ക്’ (Damping Effect) അഥവാ ‘അണക്കെട്ട് പ്രതിഭാസം’ ഉണ്ടാകാനുള്ള സാധ്യതയാണ് ഐസർ മൊഹാലിയുടെ പഠനത്തിൽ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്.

തുലാമഴ കനക്കുന്നതോടെ പ്രഭവകേന്ദ്രത്തിലെ അവശിഷ്ടങ്ങൾ കുത്തിയൊലിച്ച് താഴ്വാരങ്ങളിലേക്ക് ഇറങ്ങാം. ഇത് ഇളകിയ പാറകളെയും നിലവിൽ ഇളകിക്കിടക്കുന്ന ഉറയ്ക്കാത്ത മണ്ണിനെയും വലിയ തോതിൽ  താഴേക്ക് എത്തിക്കാന്‍ കാരണമാകും. ഇത്തരമൊരു പ്രതിഭാസം, ജൂണ്‍ മാസം അവസാനമുണ്ടായ ഉരുള്‍പൊട്ടലില്‍ വീതി കുറഞ്ഞ പാറയിടുക്കിൽ തങ്ങി നില്‍ക്കുന്ന വലിയ പാറക്കെട്ടുകളില്‍ തങ്ങി, ഡാമിംഗ് ഇഫക്ട് ഉണ്ടാക്കാനുള്ള സാധ്യത ഏറെ വലുതാണ്. അതേസമയം തുലാമഴ അതിശക്തമായി പെയ്താല്‍ മാത്രമേ ഇത്തരമൊരു പ്രതിസന്ധി രൂപപ്പെടുകയുള്ളൂവെങ്കിലും അത്തരമൊരു സാധ്യതയെ മുന്നില്‍ കണ്ട് സാധ്യമായ എല്ലാ മുന്‍കരുതലുകളും എടുക്കണമെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. ജൂണ്‍ 30 -ാം തിയതി അര്‍ദ്ധരാത്രിക്ക് പിന്നാലെയുണ്ടായ മുണ്ടക്കൈ – ചൂരൽമല ഉരുള്‍പൊട്ടല്‍ കേരള ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമായി മാറിയത് ഡാമിംഗ് ഇഫക്ട് മൂലമാണ്. ദുരന്തഭൂമി സന്ദർശിച്ച് പഠനം നടത്തിയ വിദഗ്ധരെല്ലാം ഈയൊരു സാധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നതും.

അണക്കെട്ട് പ്രതിഭാസം / ഡാമിംഗ് ഇഫക്ട് 

ഒലിച്ചിറങ്ങുന്ന കല്ലും മണ്ണും മരവും പാറയും കുത്തിയൊലിച്ച് വരുന്ന വഴിയിൽ അടിഞ്ഞുകൂടി, അവിടെ വലിയൊരു അളവില്‍ ജലമടക്കം ശേഖരിക്കപ്പെട്ട ശേഷം താങ്ങാനാകാതെ വീണ്ടും പൊട്ടിയൊലിക്കുന്നതിനെയാണ് ‘അണക്കെട്ട് പ്രതിഭാസം’ അഥവാ ‘ഡാമിംഗ് ഇഫക്ട്’ എന്ന് വിളിക്കുന്നത്. തുലാമഴ കേരളത്തിന്‍റെ പടിവാതിൽക്കൽ നിൽക്കെ, പെരുമഴ പെയ്താൽ, ഇപ്പോള്‍ സംഭവിച്ചതിനെക്കാളും വലിയൊരു ദുരന്തം പ്രദേശത്ത് സംഭവിക്കാമെന്നാണ് ഐസർ മൊഹാലിയിലെ ഗവേഷകരുടെ മുന്നറിയിപ്പ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe