തുർക്കിക്ക് പിന്നാലെ ബംഗ്ലാദേശിനെതിരെയും കടുത്ത നടപടി; തുറമുഖങ്ങൾ വഴി ഇന്ത്യയിലേക്ക് ഇറക്കുമതിക്ക് നിയന്ത്രണം

news image
May 17, 2025, 4:40 pm GMT+0000 payyolionline.in

ദില്ലി: ഇന്ത്യാ – പാകിസ്ഥാൻ വെടിനിർത്തലിന് പിന്നാലെ, പാകിസ്ഥാനുമായി സൗഹൃദം പുലർത്തുന്ന രാജ്യങ്ങൾക്കെതിരെ ഇന്ത്യയുടെ കടുത്ത നടപടി തുടരുന്നു. ഭരണമാറ്റത്തെ തുടർന്ന് ഇന്ത്യയുമായുള്ള സൗഹൃദം കുറയ്ക്കുകയും പാകിസ്ഥാനുമായി അടുപ്പം പുലർത്തുകയും ചെയ്യുന്ന ബംഗ്ലാദേശിന് കനത്ത തിരിച്ചടി നൽകുന്നതാണ് കേന്ദ്രസർക്കാരിൻ്റെ പുതിയ തീരുമാനം. ബംഗ്ലാദേശിൽ നിന്നുള്ള ഇറക്കുമതിയിലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. റെഡിമെയ്ഡ് തുണിത്തരങ്ങൾ, സംസ്കരിച്ച ഭക്ഷ്യ ഉൽപ്പന്നങ്ങൾ എന്നിവ ബംഗ്ലാദേശിൽ നിന്ന് തുറമുഖങ്ങൾ വഴി ഇറക്കുമതി ചെയ്യുന്നതിലാണ് നിയന്ത്രണം കൊണ്ടുവന്നത്.

അതേസമയം ഇന്ത്യ വഴി നേപ്പാളിലേക്കും ഭൂട്ടാനിലേക്കുമുള്ള ബംഗ്ലാദേശി ഉൽപ്പന്നങ്ങളുടെ കയറ്റുമതിയെ ഈ നിയന്ത്രണം ബാധിക്കില്ല. നേരത്തേ തന്നെ ചൈനയിൽ ഒരു പരിപാടിയിൽ സംസാരിക്കുമ്പോൾ ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക് കടലുമായി ബന്ധപ്പെടാനാകില്ലെന്നും ആ ഭൂപ്രദേശങ്ങൾ കൈയ്യടക്കാൻ ചൈനയെ സഹായിക്കാമെന്നും ബംഗ്ലാദേശിലെ ഇടക്കാല ഭരണത്തലവൻ മുഹമ്മദ് യൂനുസ് പ്രസ്താവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യൻ വസ്ത്ര വ്യാപാരികളുടെ ദീർഘകാല ആവശ്യമായ ബംഗ്ലാദേശിൽ നിന്നുള്ള ഇറക്കുമതിക്ക് നിയന്ത്രണം കൊണ്ടുവന്നത്. ഇതോടെ ബംഗ്ലാദേശിലെ ടെക്സ്റ്റൈൽ വ്യാപാര മേഖലയ്ക്കും ഭക്ഷ്യോൽപ്പന്ന വ്യാപാരികൾക്കും വലിയ തിരിച്ചടിയാവും ഉണ്ടാവുക. ബംഗ്ലാദേശിൽ ഉൽപ്പാദിപ്പിക്കുന്ന വസ്ത്രങ്ങളുടെ പ്രധാന വിപണിയാണ് നിലവിൽ ഇന്ത്യ. ഇവിടെയാണ് കേന്ദ്രസർക്കാരിൻ്റെ നടപടി ബംഗ്ലാദേശിന് വലിയ തിരിച്ചടിയാകുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe