കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ മണ്ഡലത്തിൽ സംവിധാകനും നടനുമായ മേജർ രവി ബിജെപി സ്ഥാനാർത്ഥി ആയേക്കും. മത്സരിക്കാൻ മേജർ രവി വിമുഖത അറിയിച്ചിട്ടില്ല. അതിനാൽ തന്നെ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായി അദ്ദേഹം തന്നെ വരുമെന്നാണ് പുറത്തുവരുന്ന വിവരം. കലാ സാംസ്കാരിക കേന്ദ്ര പ്രദേശമായ തൃപ്പൂണിത്തുറയിൽ ബിജെപിയുടെ നേതാവ് എന്ന നിലയിലുള്ള ആളെ അവതരിപ്പിക്കുന്നതിനേക്കാൾ മുന്നേറ്റം ബിജെപി സഹയാത്രികനായ മേജർ രവിയുടെ സ്ഥാനാർത്ഥിത്വത്തിലൂടെ നേടാനാകുമെന്നാണ് വിലിരുത്തൽ.
കഴിഞ്ഞ പത്ത് വർഷം കൊണ്ട് ബിജെപി വലിയ മുന്നേറ്റമുണ്ടാക്കിയ മണ്ഡലമാണ് തൃപ്പൂണിത്തുറ. ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ നഗരസഭയുടെ ഭരണം ചരിത്രത്തിലാദ്യമായി ബിജെപി നേടിയിരുന്നു. നിലവിൽ കോൺഗ്രസിന്റെ കയ്യിലുള്ള മണ്ഡലത്തിൽ എൽഡിഎഫും ഏറെ പ്രതീക്ഷവെക്കുന്നുണ്ട്. 2016ൽ കെ ബാബുവിനെ സിപിഐഎം നേതാവ് എം സ്വരാജ് തോൽപിച്ചിരുന്നു. എന്നാൽ 2021ൽ വീണ്ടും കെ ബാബു സീറ്റ് തിരിച്ചു പിടിക്കുകയായിരുന്നു. അന്ന് കെ എസ് രാധാകൃഷ്ണനായിരുന്നു ബിജെപി സ്ഥാനാർത്ഥി.
