തൃശൂർ: തൃശൂരിലെ ജനങ്ങളുടെ ഹൃദയത്തിന്‍റെ ചുവരുകളിൽ തങ്കലിപികളാൽ തന്‍റെ പേര് എഴുതിയിട്ടുണ്ടെന്നും, പാർട്ടി തന്നെ സ്ഥാനാർഥിയാക്കുകയാണെങ്കിൽ വിജയം നൂറ് ശതമാനം ഉറപ്പാണെന്നും ടി.എൻ. പ്രതാപൻ എം.പി. ചുവരെഴുത്ത് നടത്തിയവരോട് മായ്ക്കാൻ ആവശ്യപ്പെടും. പാർട്ടി എന്ത് പറയുന്നുവോ അത് താൻ അനുസരിക്കുമെന്നും ടി.എൻ. പ്രതാപൻ പറഞ്ഞു. പ്രതാപന് വേണ്ടി തൃശൂരിൽ വീണ്ടും ചുവരെഴുത്തുകളുണ്ടായ പശ്ചാത്തലത്തിലാണ് പ്രതികരണം.
ചുവരെഴുത്ത് നടത്തിയവരോട് മായ്ക്കാൻ ആവശ്യപ്പെടും. തൃശൂരിലെ ജനങ്ങളുടെ ഹൃദയത്തിനകത്ത് എന്‍റെ പേരുണ്ട്. കോൺഗ്രസ് പാർട്ടിക്കാരുടെയും യു.ഡി.എഫിന്‍റെയും ഹൃദയത്തിൽ മാത്രമല്ല, എത്രയോ എൽ.ഡി.എഫ് അനുഭാവികളുടെ ഉൾപ്പടെയുള്ളവരുടെ മനസ്സിൽ എന്‍റെ പേരുണ്ട്. രാഷ്ട്രീയത്തിനതീതമായാണ് ഞാനും അവരുമായുള്ള സൗഹൃദമുള്ളത്. അതുകൊണ്ട് തൃശൂരിലെ ജനങ്ങളുടെ ഹൃദയത്തിന്‍റെ ചുമരിൽ തങ്കലിപികളാൽ എഴുതിയതാണ് എന്‍റെ പേര്. വീണ്ടും ജനവിധി തേടിയാൽ വിജയിക്കും. വലിയ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് നൂറു ശതമാനം ഉറപ്പാണ്. അത്രയേറെ ആത്മവിശ്വാസത്തോടെയാണ് പറയുന്നത്, കോൺഗ്രസ് എന്നെ സ്ഥാനാർഥിയാക്കിയാൽ തൃശൂരിലെ ജനങ്ങൾ അവരുടെ കൈവെള്ളയിൽ എന്നെ കൊണ്ട് നടക്കും -പ്രതാപൻ പറഞ്ഞു.
തൃശൂരിൽ പൊതുവേ ഒരു ആവേശമുണ്ടായിട്ടുണ്ട്. മറ്റ് പേരുകൾ പരിഗണിക്കുന്നുണ്ടോ എന്ന കാര്യങ്ങൾ തനിക്കറിയില്ല. പാർട്ടി എന്ത് പറഞ്ഞാലും അത് അനുസരിക്കും. ഞാൻ ഇന്നും തൊട്ടുതലോടി നടക്കുന്ന മണ്ണാണ് തൃശൂരിലേത്. അതിനെ മതംകൊണ്ട് വിഭജിക്കാൻ ബി.ജെ.പിക്കാവില്ല -പ്രതാപൻ വ്യക്തമാക്കി.
നേരത്തേ തൃശൂരിലെ വെങ്കിടങ് സെന്‍ററിൽ ടി.എൻ. പ്രതാപന് വേണ്ടി ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് തൃശൂർ എളവള്ളിയിലും ചുവരെഴുത്തുണ്ടായത്. ആവേശ കമ്മിറ്റിക്കാർ ചുവരെഴുതേണ്ടെന്നാണ് ഇതുസംബന്ധിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രതികരിച്ചത്.