തൃശൂര്‍: തൃശൂര്‍ പാലയൂർ പള്ളിയിലെ ക്രിസ്മസ് ആഘോഷം എസ് ഐ ഇടപെട്ട് തടഞ്ഞ സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് സിപിഎം. എസ്ഐയ്ക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസ് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയ്ക്ക് കത്ത് കൈമാറി. പാലയൂര്‍ പള്ളിയിലെ ഗാന പരിപാടിയിൽ മൈക്ക് ഉപയോഗിക്കുന്നത് തടഞ്ഞ ചാവക്കാട് എസ്ഐയുടെ നടപടി വിവാദമായിരുന്നു.
സംഭവത്തെ തുടര്‍ന്ന് എസ്ഐ വിജിത്തിനെ വീടിന് സമീപത്തെ സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയിരുന്നു. എസ്.ഐയക്ക് ‘ഇഷ്ട സ്ഥലംമാറ്റം ‘ നൽകിയതിന് പിന്നാലെയാണ് സി.പി.എം ഇടപെടൽ. സി.പി.എമ്മിന്‍റെ പ്രാദേശിക നേതൃത്വം ആവശ്യപ്പെട്ട പ്രകാരമാണ് ജില്ലാ സെക്രട്ടറി വിഷയത്തിൽ ഇടപ്പെട്ടത്. നിലവിൽ ശബരിമല ഡ്യൂട്ടിയിലുള്ള വിജിത്തിനെ ഇതിനുശേഷം തൃശൂര്‍ എരുമപ്പെട്ടി എസ്ഐ ആയി നിയമിക്കാനാണ് ആഭ്യന്തര വകുപ്പ് തീരുമാനിച്ചത്.
ക്രിസ്മസ് ആഘോഷം തടഞ്ഞ എസ്ഐയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് സിപിഎം പ്രാദേശിക നേതൃത്വം നേരത്തെ രംഗത്തെത്തിയിരുന്നു. സി.പി.എം ചാവക്കാട് ഏരിയാ സെക്രട്ടറി ടി.ടി. ശിവദാസ് ആണ് എസ്ഐയ്ക്കെതിരെ പ്രസ്താവനയിലൂടെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത്. എസ്.ഐയുടെ പള്ളിയിലെ ഇടപെടൽ അനാവശ്യമെന്ന് സി.പി.എം അഭിപ്രായപ്പെട്ടിരുന്നു. എസ്ഐ വിജിത്തിനെതിരെ നടപടി വേണമെന്നും പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു