തൃശൂർ കുതിരാനിലെ സ്വർണ്ണ കവർച്ച; പരാതിക്കാരന്റെ വാഹനം ഉപേക്ഷിച്ച നിലയിൽ, അന്വേഷണത്തിന് പ്രത്യേക സംഘം

news image
Sep 26, 2024, 10:09 am GMT+0000 payyolionline.in

തൃശൂർ: തൃശൂർ കുതിരാൻ ദേശീയപാതയിൽ സ്വർണ്ണം കവർന്ന സംഭവത്തിൽ പരാതിക്കാരന്റെ വാഹനം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പൂച്ചട്ടിക്കടുത്ത് ആളൊഴിഞ്ഞ പറമ്പിലാണ് വാഹനം കണ്ടെത്തിയത്. മൂന്നു വാഹനങ്ങളിൽ എത്തിയ 1O അംഗ അക്രമിസംഘം കാർ തടഞ്ഞുനിർത്തി സ്വർണ വ്യാപാരിയെയും സുഹൃത്തിനെയും മറ്റു വാഹനങ്ങളിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു. സ്വർണ്ണ വ്യാപാരി വന്ന വാഹനവും അക്രമിസംഘം തട്ടിയെടുത്തിരുന്നു. ഈ വാഹനമാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്.

അതേസമയം, കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോ​ഗിച്ചു. ഒല്ലൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നാല് സ്ക്വാഡുകൾ രൂപീകരിച്ചാണ് അന്വേഷണം നടക്കുന്നത്. പ്രതികളെ പറ്റി സൂചനകൾ ഒന്നും ഇതുവരെയില്ലെന്നാണ് പൊലീസ് പറയുന്നത്. തൃശൂർ – കുതിരാന്‍ പാതയില്‍ സിനിമ സ്റ്റൈലിലായിരുന്നു സ്വർണ മോഷണം. സ്വർണ വ്യാപാരിയുടെ കാർ പിന്തുടർന്ന് തടഞ്ഞു നിർത്തി രണ്ടരക്കോടിയുടെ സ്വര്‍ണമാണ് കവര്‍ന്നത്. മൂന്ന് കാറുകളിലെത്തിയ പത്തംഗ സംഘമാണ് കവർച്ചക്ക് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. കോയമ്പത്തൂരില്‍ നിന്ന് തൃശൂരിലേക്ക് കാറില്‍ സ്വര്‍ണാഭരണവുമായെത്തിയ അരുണ്‍ സണ്ണിയെന്ന സ്വര്‍ണ വ്യാപാരിയെയും സുഹൃത്ത് റോജി തോമസിനെയുമാണ് ആക്രമിച്ച് സ്വര്‍ണം കവര്‍ന്നത്.

രാവിലെ പതിനൊന്ന് മണിയോടെ തൃശൂര്‍ കുതിരാന്‍ പാതയില്‍ കല്ലിടുക്കില്‍ വച്ചായിരുന്നു സംഭവം. രണ്ട് ഇന്നോവയും മറ്റൊരു വാഹനവും അരുൺ സണ്ണിയുടെ കാറിനെ പിന്തുടര്‍ന്നു. അരുണിന്‍റെ കാറിന് മുന്നിൽ ഒരു ഇന്നോവ കാർ വട്ടം നിർത്തി. രണ്ടാമത്തെ ഇന്നോവ മറ്റൊരു വശത്തിട്ട് ബ്ലോക്ക് ചെയ്യുകയും ചെയ്തു. മൂന്നാമത്തെ വാഹനം കാറിന്‍റെ പിന്നിലും നിർത്തി. വാഹനങ്ങളില്‍ നിന്ന് ചാടിയിറങ്ങിയവര്‍ അരുൺ സണ്ണിയുടെ കാറിലേക്ക് ഇരച്ചു കയറി. അരുണിനെയും റോജിയേയും കത്തിയും ചുറ്റികയും കാട്ടി ഭീഷണിപ്പെടുത്തി മറ്റു വാഹനങ്ങളിലേക്ക് ബലം പ്രയോഗിച്ച് കയറ്റി. വാഹനങ്ങള്‍ ഹൈവേ വിട്ട് മറ്റു വഴികളിലേക്ക് കയറുന്നതിനിടെ ഇരുവരെയും മര്‍ദ്ദിച്ച് സ്വര്‍ണം എവിടെയെന്ന് ചോദിച്ചറിയുകയും ചെയ്തു.

സ്വര്‍ണം കിട്ടിയതിന് പിന്നാലെ റോജിയെ പുത്തൂരിലിറക്കി. അരുണിനെ പാലിയേക്കര ടോളിന് സമീപത്തും ഇറക്കിവിട്ടു. അരുണ്‍ ഒല്ലൂര്‍ പൊലീസ് സ്റ്റേഷനിലെത്തി വിവരം പറഞ്ഞതോടെ പ്രത്യേക അന്വേഷണ സംഘം അക്രമികള്‍ക്കായി തെരച്ചില്‍ ആരംഭിച്ചു. അക്രമികള്‍ മുഖം മൂടി ധരിച്ചവരായിരുന്നു. ആലപ്പുഴ സ്ലാങ്ങിലാണ് സംസാരിച്ചതെന്ന് അരുണ്‍ മൊഴി നല്‍കിയിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe