തൃശൂർ: തൃശൂർ റെയിൽവേ സ്റ്റേഷൻ പാർക്കിങ്ങിൽ വൻ തീപിടിത്തം. നിരവധി ബൈക്കുകൾ കത്തി നശിച്ചു. റെയിൽവേ സ്റ്റേഷന്റെ രണ്ടാമത്തെ ഗേറ്റിന് സമീപത്തുള്ള ബൈക്ക് പാർക്കിങ്ങിലാണ് തീപിടിത്തം ഉണ്ടായത്. രാവിലെ ആറരയോടെയാണ് ഷെഡ്ഡിൽ നിന്ന് പുക ഉയർന്നത്. പാർക്ക് ചെയ്ത രണ്ട് ബൈക്കുകൾ കത്തുകയും തുടർന്ന് തീ മറ്റു ബൈക്കുകളിലേക്ക് പടർന്നു പിടിക്കുകയായിരുന്നു. ഏകദേശം 200ലധികം ബൈക്കുകൾ പാർക്ക് ചെയ്തിരുന്നതായാണ് റിപ്പോർട്ട്.
തീ സമീപത്തുള്ള ഒരു മരത്തിലേക്കും നിർത്തിയിട്ടിരുന്ന എൻജിനിലേക്കും പടർന്നു. ശക്തമായ കാറ്റ് ഉണ്ടായിരുന്നതിനാൽ മിനിറ്റുകൾക്കുള്ളിൽ തീ പടരുകയായിരുന്നു. തീപിടിത്തത്തെ തുടർന്ന് പൊട്ടിത്തെറി ഉണ്ടായതിനാൽ ആളുകൾക്ക് ഷെഡ്ഡിന് സമീപത്തേക്ക് എത്താൻ സാധിച്ചില്ല.
മൂന്ന് യൂനിറ്റ് അഗ്നിരക്ഷാസേന സംഘം സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. അതേസമയം, തീപിടിത്ത കാരണം വ്യക്തമല്ല. അപകടത്തെ കുറിച്ച് അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്
